പണമില്ലാതെ മുടങ്ങിയ ഏഴു കോടിയുടെ ടൗൺ ഹാളിന് വീണ്ടും 7.75 കോടിയുടെ ടെൻഡർ
text_fields2020ൽ നിർമാണം തുടങ്ങി ഫണ്ടില്ലാതെ പാതിവഴിയിൽ
മുടങ്ങിക്കിടക്കുന്ന പെരിന്തൽമണ്ണ മുനിസിപ്പൽ ടൗൺഹാൾ
പെരിന്തൽമണ്ണ: 2020ൽ ഏഴു കോടി രൂപക്ക് പൂർത്തിയാക്കാൻ നിശ്ചയിച്ച് പ്രവൃത്തി തുടങ്ങി നാലു കോടി ചെലവിട്ട് ഭാഗികമായി നിൽക്കുന്ന ടൗൺഹാളിന് വീണ്ടും 7.75 കോടിയുടെ ടെൻഡർ.
രണ്ടും മൂന്നും ഘട്ട നിർമാണത്തിന് പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടിയാണ് ഏറ്റെടുത്തത്. പാതിവഴിയിൽ കിടക്കുന്ന ടൗൺഹാൾ കെട്ടിടം പൂർത്തിയാക്കാൻ രണ്ടാംഘട്ടത്തിന് 3.8 കോടി, ശേഷിക്കുന്ന മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കി താക്കോൽ കൈമാറുന്നതിന് 3.95 കോടി എന്നിങ്ങനെ 7.75 കോടിയുടെ കരാറാണ് ഉറപ്പിച്ചത്.
സുപ്രധാനമായ തീരുമാനം പക്ഷേ, വ്യാഴാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിൽ നേരത്തേ വിതരണംചെയ്ത പ്രധാന അജണ്ടയിലോ സപ്ലിമെന്ററി അജണ്ടയിലോ വന്നില്ല. ഒടുവിൽ യോഗത്തിൽ അജണ്ടയായി കുറിപ്പ് വായിച്ച് ഉൾപ്പെടുത്തിയാണ് തീരുമാനമെടുത്തത്. രണ്ടാംഘട്ട പ്രവൃത്തിക്ക് ടെൻഡർ ക്ഷണിക്കാൻ ഫെബ്രുവരി 13ന് നടന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. 2021 മുതൽ ടൗൺ ഹാളിന്റെ തുടർനിർമാണ പ്രവൃത്തികൾ നാലു വർഷത്തോളമായി മുടങ്ങിക്കിടന്നതാണ്. മൂന്നു നിലകളിൽ 22, 714 ചതുരശ്ര മീറ്ററാണ് പുതുതായി നിർമിക്കുന്ന ടൗൺഹാളിന് 2020ൽ വിഭാവന ചെയ്തത്. ഏഴു കോടി രൂപയാണ് അഞ്ചു വർഷം മുമ്പ് കണക്കാക്കിയത്. മൂസക്കുട്ടി സ്മാരക ടൗൺഹാൾ കാലപ്പഴക്കം കാരണം 2019ലാണ് പൊളിച്ച് ഏഴുകോടിയിൽ നവീകരിക്കാനുള്ള പദ്ധതി തയാറാക്കിയത്.
ഗ്രൗണ്ട് ഫ്ലോറിൽ 250ഓളം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം, കിച്ചൺ എന്നിവയും ഒന്നാം നിലയിൽ 504 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും വിഭാവന ചെയ്തിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോടെ 2020 തുടക്കത്തിലാണ് ആരംഭം കുറിച്ചത്.
സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതുകൊണ്ടാണ് ഈ നിരക്കുവ്യത്യാസം. നഗരസഭയുടെ പ്രധാന സെമിനാറുകളും പൊതുപരിപാടികളും കഴിഞ്ഞ അഞ്ചു വർഷമായി പണം ചെലവിട്ട് സ്വകാര്യ ഓഡിറ്റോറിയങ്ങളിലാണ് നടത്തുന്നത്. പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കി മേയ് 15ന് ഉദ്ഘാടനം നടത്താനാവുമെന്ന് നഗരസഭ ചെയർമാൻ പി. ഷാജി അറിയിച്ചു.