അങ്ങാടിപ്പുറത്ത് കുരുക്കിന് പുറമേ ദേശീയപാതയിലെ കുഴികളും
text_fieldsഅങ്ങാടിപ്പുറം മേൽപാലത്തിന് സമീപം ദേശീയപാതയിൽ കുഴിയിൽ മഴവെള്ളം കെട്ടിനിന്ന് ഗതാഗതം ദുസ്സഹമായ അവസ്ഥയിൽ
പെരിന്തൽമണ്ണ: ഇടതടവില്ലാതെ ആംബുലൻസുകൾ പായുന്ന ആശുപത്രി നഗരത്തിൽ അഴിയാത്ത ഗതാഗതക്കുരുക്കിന് പുറമെ ജനത്തെ ദുരിതത്തിലാക്കി റോഡ് തകർച്ചയും. റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാൻ സമയവും സാവകാശവും ഉണ്ടായിട്ടും അധികാരികൾ അതിന് മുതിരാത്തത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് സ്ഥിരമായി ഗതാഗത സ്തംഭവനമുണ്ടാവുന്നു. അങ്ങാടിപ്പുറം മേൽപാലത്തിന് അടുത്ത് രൂപപ്പെട്ട കുഴികൾ വാഹനങ്ങൾക്ക് മിക്കപ്പോഴും കെണിയാണ്.
ഇതിൽ ചളിവെള്ളം നിറഞ്ഞ് കല്ലുകൾ അടർന്ന് യാത്ര ദുസ്സഹമാവുകയാണ്. നേരേചൊവ്വേ യാത്ര ചെയ്യാവുന്ന റോഡായാൽ പോലും ഈ ഭാഗത്ത് ചരക്കുവാഹനങ്ങളും ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിറഞ്ഞ് കുരുക്കാണ്. അതിനുപുറമെയാണ് റോഡിലെ വലിയ കുഴികൾ.
ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഓവുചാൽ വൃത്തിയാക്കി വെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാനുള്ള വഴികൾ ഒരുക്കിയിട്ടില്ല. മഴക്കാലത്തിന് മുമ്പേ ചെയ്യേണ്ടതാണിത്. പലവട്ടം നികത്തിയ കുഴികൾ വെള്ളം നിന്ന് ദിവസങ്ങൾക്കകം വീണ്ടും രൂപപ്പെടുകയാണ്. ചരക്കുവാഹനങ്ങളും കണ്ടെയ്നർ ലോറികളുമടക്കം ഇതുവഴിയാണ് കടന്നുപോവുന്നത്.