മേലാറ്റൂർ-പുലാമന്തോൾ റോഡ്; എതിർപ്പ് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കുമെതിരെ
text_fieldsമേലാറ്റൂർ-പുലാമന്തോൾ പാതയിൽ നവീകരണ പ്രവൃത്തി പൂർത്തികരിക്കാത്തതിൽ കട്ടുപ്പാറയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു
പെരിന്തൽമണ്ണ: പാതിവഴിയിൽ പ്രവൃത്തി നിർത്തി കരാറുകാരെ ടെർമിനേറ്റ് ചെയ്ത മേലാറ്റൂർ-പുലാമന്തോൾ പാത ഇപ്പോഴും യാത്രക്ക് പറ്റാതെ തകർന്നു പഴയ രൂപത്തിൽ തന്നെയാണ്. അഞ്ചു വർഷം മുമ്പ് പ്രവൃത്തി ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും നേരെയാണ് ഇപ്പോഴും ജനങ്ങളുടെ എതിർപ്പ്. ഒരു വർഷത്തോളം മുമ്പ് തിരുവനന്തപുരത്ത് ഈ ഭാഗത്തെ ജനപ്രതിനിധികളെയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളെയും വിളിച്ചു വരുത്തി ശേഷിക്കുന്ന റോഡ് പണി ഉടൻ പൂർത്തിയാക്കാൻ സമയക്രമം വരെ പ്രഖ്യാപിച്ചതാണ്. എവിടെയും എത്തിയില്ല.
38 കി.മീ ഭാഗമുള്ള പുലാമന്തോൾ-ഒലിപ്പുഴ റോഡിന്റെ പ്രവൃത്തിക്ക് 2018 ൽ 144 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. 139 കോടിക്ക് ടെൻഡർ ഉറപ്പിച്ച് 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനവും നടത്തിയിരുന്നു. പലപ്പോഴായി 55 ശതമാനമാണ് പൂർത്തിയായത്.
ശേഷിക്കുന്ന 45 ശതമാനം പൂർത്തിയാക്കാനാണ് പുതിയ നിരക്കിൽ 115 കോടി രൂപയുടെ എസ്റ്റിമേറ്റ്. എസ്റ്റിമേറ്റ് തയാറാക്കി എട്ടുമാസത്തോളം കഴിയുമ്പോഴും അത് കടലാസിലാണ്. റീബിൽഡ് കേരള വഴിയാണ് റോഡ് പ്രവൃത്തി. ടെൻഡർ റദ്ദാക്കി പുതിയ എസ്റ്റിമേറ്റിൽ വലിയ തുക അനുവദിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ടെക്നിക്കൽ കമ്മിറ്റി അനുമതി നൽകിയാൽ മാത്രമേ ഫണ്ട് ലഭിക്കൂ.
38 കി.മീ ഭാഗം റബറൈസിങ്, അരികുചാൽ നിർമാണം, റോഡിനോടു ചേർന്നുള്ള മരങ്ങൾമുറിക്കൽ, കൾവർട്ട് നിർമാണം തുടങ്ങിയവയടക്കമാണ് ആദ്യ എസ്റ്റിമേറ്റ്. ഏകദേശം 75 കോടിയുടെ പ്രവൃത്തി അതിൽ തീർത്തിട്ടുണ്ട്. റോഡ് പാടേ തകർന്ന് കിടക്കുന്ന കട്ടുപ്പാറ, പുളിങ്കാവ്, മല റോഡ് എന്നിവിടങ്ങളിൽ ജനം വലിയ ദുരിതത്തിലാണ്. സർക്കാറിനെതിരെ കോൺഗ്രസും യു.ഡി.എഫും നടത്തുന്ന സമരത്തിന് കക്ഷിഭേദമന്യേ ജനപിന്തുണയുണ്ട്.
റോഡ് കടന്നുപോവുന്ന മേലാറ്റൂർ, കീഴാറ്റൂർ, ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിലും പെരിന്തൽമണ്ണ നഗരസഭയിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ദുരിതം മുഖ്യവിഷയമാവും. റോഡുവക്കിൽ താമസിക്കുന്ന കുടുംബങ്ങളുടെ പ്രയാസം ഓരോ ദിവസവും വർധിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം കുഴിയിൽ ക്വാറി വേസ്റ്റിടാനുള്ള ശ്രമം നാട്ടുകാർ സംഘടിതമായി തടഞ്ഞത്.
96 ലക്ഷത്തിന്റെ അറ്റകുറ്റപ്പണിയും ഫലം ചെയ്തില്ല
പെരിന്തൽമണ്ണ: ജനങ്ങളുടെ വലിയതോതിലുള്ള പ്രതിഷേധം വിളിച്ചുവരുത്തിയ മേലാറ്റൂർ-പുലാമന്തോൾ പാതയിൽ മുടങ്ങിയ പണിക്ക് എസ്റ്റിമേറ്റും ടെൻഡറുമാവുന്നതുവരേക്ക് കുഴിയടക്കാൻ തയാറാക്കിയ പദ്ധതിയും ഫലം ചെയ്തില്ല. കുഴിയടച്ച ഭാഗങ്ങളിൽ വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ ജനങ്ങൾ വലഞ്ഞു. പെരിന്തൽമണ്ണ ബൈപ്പാസ് ജങ്ഷനിലും മേലാറ്റൂർ റെയിൽവേ ഗേറ്റ് പടിക്കലും ചെറിയരൂപത്തിൽ ടാറിങ് നടത്തി കുഴിയടച്ചിരുന്നു.
കട്ടുപ്പാറയിൽ ക്വാറി വേസ്റ്റിട്ട് കുഴിയടക്കാൻ ശ്രമിച്ചത് ചൊവ്വാഴ്ച നാട്ടുകാർ തടഞ്ഞു. ടെൻഡർ റദ്ദാക്കിയ ശേഷം ഒരു വർഷത്തോളം മുമ്പ് തയാറാക്കിയതാണ് കുഴിയടക്കൽ പദ്ധതി. ചെറുകരക്കും പുളിങ്കാവിനും ഇടയിൽ രണ്ടു കി.മീ ഭാഗവും ചെറുകര റെയിൽവേ ഗേറ്റ് പരിസരത്ത് അര കി.മീ ഭാഗവും മേലാറ്റൂർ മുതൽ പെരിന്തൽമണ്ണ വരെ ഇടവിട്ട ഭാഗങ്ങളിലും റോഡ് തകർന്ന് കിടക്കുകയാണ്. അറ്റകുറ്റപ്പണിയിൽ ഈ ഭാഗമാണ് ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നത്.
പ്രവൃത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധം
പുലാമന്തോൾ: പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് പ്രവൃത്തി ആരംഭിച്ച റോഡ് വർക്ക് പാതിവഴിയിൽ നിലച്ചുപോയ സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ് ആവശ്യപ്പെട്ടു.
കട്ടുപ്പാറയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ‘പാതാളം മുതൽ റോഡ് വരെ’ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഷിബു ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടിവ് അംഗം ഷാജി കട്ടുപ്പാറ മുഖ്യ പ്രഭാഷണം നടത്തി. സിനിമ സീരിയൽ നടൻ ഇടവേള റാഫി മാവേലി വേഷമണിഞ്ഞ് മുഖ്യാതിഥിയായി.
യു.ഡി.എഫ് ചെയർമാൻ കെ. കുഞ്ഞുമുഹമ്മദ്, എൻ. ഇക്ബാൽ, പി.ടി. ഹാരിസ്, മണികണ്ഠൻ പുലാമന്തോൾ, ഹസീബ് വളപുരം, മുഹമ്മദ് കുട്ടി പാറൻതോടൻ, കെ.ടി. വേലായുധൻ, ഹമീദ് കട്ടുപ്പാറ എന്നിവർ സംസാരിച്ചു. സി.ടി. ഹമീദ്, ഇ.പി. ഇബ്രാഹിം, ഇ.പി. ഷാജി ,ടി. അബൂബക്കർ, ഇ.കെ. റഫീഖ്, എൻ. സാലി, ദേവൻ വടക്കൻ പാലൂർ, ഇസ്ഹാഖ് പാലൂർ, അബു ചെറൂത്ത്, പി. മുഹമ്മദലി, ഫൈസൽ കക്കാട് എന്നിവർ നേതൃത്വം നൽകി.