അങ്ങാടിപ്പുറത്തെ ദുരിതം; ഓട്ടയടച്ചാൽ തീരില്ല, പരിഹാരം ബൈപാസ് മാത്രം
text_fieldsകോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം റോഡ്
പൂർണമായും അടച്ചിട്ട് ഇന്റർലോക്ക് കട്ടവിരിക്കൽ പ്രവൃത്തി പുരോഗമിക്കുന്നു
പെരിന്തല്‍മണ്ണ: ദേശീയപാതയിൽ പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും അനുഭവിക്കുന്ന ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ ദേശീയപാതയിൽ അങ്ങാടിപ്പുറം ഒാരാടംപാലം മുതൽ-മാനത്തുമംഗലം വരെ റെയിൽവേ മേല്പാലത്തോടുകൂടിയ ബൈപാസ് തന്നെ വേണം. മുഴുവൻ രാഷ്ട്രീയ സംഘടനകളും ജനങ്ങളും ആവശ്യപ്പെടുന്ന കാര്യം പക്ഷേ, ഇപ്പോഴും സർക്കാരിന്റെ പരിഗണനയിൽ ഇല്ല.
ബൈപാസിനുള്ള നിർദിഷ്ട പദ്ധതി 2010ൽ ആരംഭിച്ചെങ്കിലും 15 വർഷമായി ഫയലിലുറങ്ങുകയാണ്. 4.04 കി. മീ നീളത്തിലും 24 മീറ്റര്‍ വീതിയിലുമുള്ള ബൈപാസിന് 25 ഏക്കര്‍ ഭൂമി വേണമെന്നാണ് പ്രാഥമികമായി കണക്കാക്കിയത്. പദ്ധതിക്ക് 2010ല്‍ അംഗീകാരമായി പ്രാഥമിക സർവേ പൂര്‍ത്തിയാക്കി.
2019 നവംബർ 23ന് അന്നത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയിൽ മലപ്പുറം കലക്ടറേറ്റിൽ ജില്ല കലക്ടർ ജാഫർ മലിക്, പെരിന്തൽമണ്ണ സബ് കലക്ടർ, റെയിൽവേ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.
ഏറ്റെടുക്കേണ്ട ഭൂമി ലാന്റ് അക്വിസിഷൻ (എൽ.എ) വിഭാഗം പരിശോധിച്ച് വേർതിരിക്കൽ, ഭൂമി ഏറ്റെടുക്കൽ, അലൈൻമെന്റ് അന്തിമമാക്കൽ, ഭൂഉടമകളുടെ യോഗം വിളിക്കൽ തുടങ്ങി വിവിധ വശങ്ങൾ ചർച്ച ചെയ്ത് ഉദ്യോഗസ്ഥർക്ക് ചുമതലയും നൽകി.
നിർദിഷ്ട ഭൂമി ഏതെല്ലാം സർവേ നമ്പറുകളിൽ ഉൾപ്പെടുമെന്ന് അങ്ങാടിപ്പുറം, വലമ്പൂർ, പെരിന്തൽമണ്ണ വില്ലേജ് ഓഫിസർമാർ കണ്ടെത്തുന്ന പണി മാത്രമാണ് പിന്നീട് ആകെ നടന്നത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പും 2021ലെ നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽ കണ്ടായിരുന്നു ആ യോഗം. പുതിയ സർക്കാർ വന്നശേഷം ഇതിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പറുകള്‍ എല്‍.എ വിഭാഗം ശേഖരിച്ച് ഒരുമാസത്തിനകം മരാമത്ത് വകുപ്പിനു കൈമാറൽ, സ്ഥലമേറ്റെടുക്കലിനുള്ള വിശദമായ അപേക്ഷ റവന്യൂ വകുപ്പിനു നല്കൽ, തുടങ്ങിയവയടക്കം പല തീരുമാനങ്ങളും കൈക്കൊണ്ടു.
ബൈപാസിൽ അങ്ങാടിപ്പുറം ഏഴുകണ്ണിപ്പാലത്തിന് സമീപം റെയിൽവേ ലൈൻ വരുന്നുണ്ട്. റെയിൽവേ ലൈൻ അടിയിലൂടെ കടന്നുപോവുന്ന വിധത്തിൽ റെയിൽവേ മേല്പാലവും ബൈപാസിനോടൊപ്പം വേണം. റെയിൽവേ മേൽപാലനത്തിന് 18 കോടിയുടെ പദ്ധതിയും തയാറാക്കി.
ഭൂഉടമകളുടെ യോഗം വിളിക്കാൻ വരെ ജില്ല കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. അത്യന്തികമായി വേണ്ടത് പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാൻ സർക്കാർ സന്നദ്ധമാവുകയാണ്.
നാലുവർഷം മുമ്പ് പൊതുമരാമത്ത് മന്ത്രി മേലാറ്റൂർ-പുലാമന്തോൾ റോഡ് പണി മുടങ്ങിയത് പരിശോധിക്കാൻ പെരിന്തൽമണ്ണയിൽ എത്തിയ ഘട്ടത്തിൽ അങ്ങാടിപ്പുറത്തെ നിർദിഷ്ട ബൈപാസ് പദ്ധതി പ്രദേശം സി.പി.എം നേതാക്കളോടൊപ്പം സന്ദർശിച്ചിരുന്നു.
കോയമ്പത്തൂർ-മംഗലാപുരം റൂട്ടിൽ ഇടതവില്ലാതെ ചരക്കുവാഹനങ്ങൾ കൂടി കടന്നുപോവുന്നതാണ് ഈ ദേശീയപാത. അതിനിടയിലൂടെ ജീവൻതുടിക്കുന്ന മനുഷ്യരെയുമായി ആശുപത്രി നഗരത്തിലേക്കും തിരിച്ചും ആംബുലൻസുകൾ കടന്നു പോവേണ്ടതും ഈവഴി തന്നെ. മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ സി.പി.എം പ്രാദേശിക നേതാക്കളടക്കം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതാണ് ബൈപാസ് പദ്ധതി.