രണ്ടു ജീവനുകൾ പൊലിയാതെ കാത്ത് ജില്ല ആശുപത്രിയിലെ ഡോക്ടർമാർ
text_fieldsപ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: അതീവ സങ്കീർണതയിലും അപകടാവസ്ഥയിലും പെരിന്തൽമണ്ണ ഗവ. ജില്ല ആശുപത്രിയിലെത്തിച്ച 32 കാരിയായ ഗർഭണിക്ക് രക്ഷകരായി കൈമെയ് മറന്ന് ഡോക്ടർമാരും ആശുപത്രി അധികൃതരും. മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അമ്മയും കുഞ്ഞും ജീവിതത്തിലേക്ക് തിരിച്ചെത്തി.
തിങ്കളാഴ്ച രാവിലെ 32 വയസ്സുള്ള ഗർഭിണിയെയാണ് കൂടെയാരുമില്ലാതെ അതീവ രക്തസ്രാവത്തോടെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളജിലേക്ക് അയക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ അവിടെത്തന്നെ ചികിത്സിക്കുകയായിരുന്നു. മുഴുവൻ ഡോക്ടർമാരും തയാറായി മിനിറ്റുകൾക്കകം ആശുപത്രിയിലെ നാലാമത്തെ തിയറ്റർ ഒരുക്കി.
വേദന കൊണ്ട് പുളയുന്ന അമ്മക്ക് സാധാരണ നിലയിലുള്ള അനസ്തേഷ്യ നൽകാനാവാത്ത സ്ഥിതിയായിരുന്നു. മുതിർന്ന അനസ്തെറ്റിസ്റ്റ് ഡോ. എ.കെ. റഊഫിന്റെ നേതൃത്വത്തിൽ റിസ്ക് നിറഞ്ഞ അനസ്തേഷ്യ നൽകി. ഗൈനക്കോളജി ഡോക്ടർമാർ നീണ്ട നേരത്തെ ശ്രമത്തിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. അമ്മയുടെ നില പരുങ്ങലിലായെങ്കിലും വിദഗ്ധ ചികിത്സയിലൂടെ വൈദ്യസംഘം അവർക്ക് രക്ഷകരായി.
ഗൈനക്കോളജിസ്റ്റുമാരായ ഡോ. സിനി, ഡോ. റസീന, അനസ്തീഷ്യ ഡോക്ടർമാരായ ഡോ. സലീന, ഡോ. നൂറുദ്ദീൻ, ഡോ. ആദർശ്, പീഡിയാട്രീഷ്യൻ ഡോ. ഡാലിയ, ആശുപത്രി സൂപ്രണ്ട് ഡോ. ഷീനലാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൂട്ടായ പ്രവർത്തനമാണ് വിജയത്തിലെത്തിച്ചത്.


