വായ്പയെടുപ്പിച്ച് പണം തട്ടിയയാൾ മുങ്ങി; ജപ്തി ഭീഷണിയിൽ വീട്ടമ്മമാർ
text_fieldsപെരിന്തൽമണ്ണ: പാതായ്ക്കര കുന്നപ്പള്ളി കളത്തിലക്കരയിലെ നിരവധി സ്ത്രീകളുടെ പേരിൽ വിവിധ ബാങ്കുകളിൽനിന്ന് വായ്പയെടുപ്പിച്ച് പണം വാങ്ങി മുങ്ങിയ പ്രദേശവാസിക്കെതിരെ പരാതി.
തിരിച്ചടവ് മുടങ്ങിയതോടെ സ്ത്രീകൾ കടക്കെണിയിലായി. ജപ്തി ഭീഷണി നേരിടുന്നതായി 14ഓളം സ്ത്രീകൾ പെരിന്തൽമണ്ണയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീകളുടെ വിശ്വാസം കൈപ്പറ്റി അവരുടെ പേരിൽ ബാങ്കുകളിൽനിന്ന് വായ്പ എടുപ്പിക്കുകയായിരുന്നു. പലരോടും പല കാരണങ്ങളാണ് വായ്പക്ക് പറഞ്ഞത്. സ്ത്രീകൾ തന്നെ ഇയാൾ നൽകിയ ഫോമുകളിൽ ഒപ്പിട്ട് വായ്പ എടുത്ത് നൽകുകയായിരുന്നു. തിരിച്ചടവ് മുടങ്ങി ബാങ്കുകളിൽനിന്ന് അന്വേഷിച്ചെത്തിയതോടെയാണ് കെണി മനസ്സിലായത്. കൂലിവേലക്കാരും വീട്ടമ്മമാരുമാണ് കുടുങ്ങിയത്. ചില ഘട്ടങ്ങളിൽ ഇദ്ദേഹം വായ്പയെടുപ്പിക്കുകയും പൂർണമായും തിരിച്ചടക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ കൂടുതൽ പേരിൽനിന്ന് ഒന്നിച്ച് വായ്പയെടുത്തതോടെ തിരിച്ചടവ് മുടങ്ങിയെന്നും സ്ത്രീകൾ പറഞ്ഞു.
ബാങ്ക് ജീവനക്കാർ വീടുകളിൽ തിരക്കിയെത്തിയതോടെ ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കടന്നതായി മനസ്സിലായി. പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തകനെതിരെയാണ് പരാതി. 30ഓളം പേരാണ് പരാതിക്കാർ. പെരിന്തൽമണ്ണ സി.ഐക്കും ഡിവൈ.എസ്.പിക്കും ഒരു മാസം മുമ്പ് പരാതി നൽകി. എന്നാൽ അന്വേഷണമോ തീർപ്പോ ഉണ്ടായിട്ടില്ലെന്നും സ്ത്രീകൾ പറഞ്ഞു. വ്യത്യസ്ത കാരണങ്ങളാണ് പലരോടും പറഞ്ഞത്. സർക്കാറിന്റെ സാമ്പത്തിക ഞെരുക്കം കാരണം നഗരസഭയിൽനിന്ന് വീടുകൾക്ക് ധനസഹായം ലഭിക്കാൻ വൈകുമെന്നും നിലവിലെ പ്രവൃത്തികൾ പൂർത്തീകരിക്കാൻ നഗരസഭയും വിവിധ ബാങ്കുകളും ധാരണയുണ്ടാക്കിയിട്ടുണ്ടെന്നുംവരെ വിശ്വസിപ്പിച്ചു.
എന്നാൽ ഇത്തരത്തിൽ ഒരു ബന്ധവും ഇയാളുമായുണ്ടാക്കിയിട്ടില്ലെന്ന് നഗരസഭ അധികൃതർ അറിയിച്ചു. പാസായ വായ്പകൾ വ്യക്തികളുടെ അക്കൗണ്ടിൽ വരുന്ന മുറക്ക് ഇയാൾ എത്തി കൈപ്പറ്റി. കുന്നപ്പള്ളി റെയിലുംകര ജനകീയ സമിതി രൂപവത്കരിച്ചാണ് പണം നഷ്ടമായവർ തിരിച്ചുകിട്ടാൻ വഴി തേടുന്നത്. വാർത്തസമ്മേളനത്തിൽ വാർഡ് കൗൺസിലർ സജ്ന ഷൈജൽ ചോലക്കൽ, ജനകീയ സമിതി ചെയർമാൻ രാധാകൃഷ്ണൻ, കൺവീനർ ഷംല, അംഗൻവാടി അധ്യാപിക സഫിയ എന്നിവർ സംബന്ധിച്ചു.