അങ്ങാടിപ്പുറത്തെ ബൈപാസും കുരുക്കും; തെരഞ്ഞെടുപ്പിലും പുകഞ്ഞേക്കും
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ടൗണുകളിലെ തീരാത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് പദ്ധതിയോട് കഴിഞ്ഞ ഒമ്പത് വർഷമായി സർക്കാർ തുടരുന്ന അവഗണന മേഖലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ വിഷയമാവും.
എം.എൽ.എ താൽപര്യമെടുക്കാത്തതിനാലാണ് പദ്ധതി യാഥാർഥ്യമാവാത്തതെന്ന സി.പി.എം പ്രചാരണം പാർട്ടി വേദികളിൽ പോലും വിശ്വസിപ്പിക്കാനാവുന്നില്ല. മാത്രവുമല്ല, കഴിഞ്ഞ ഒമ്പത് വർഷം ബൈപാസിനായി സർക്കാർ തലത്തിൽ നടത്തിയ ശ്രമങ്ങൾ പലപ്പോഴായി മഞ്ഞളാംകുഴി അലി എം.എൽ.എ വിശദീകരിച്ചിട്ടുമുണ്ട്.
കുഴികളിൽ കട്ടവിരിച്ചാൽ ഗതാഗതക്കുരുക്ക് മാറുമോ എന്നാണ് പെരിന്തൽമണ്ണ ടൗണിൽ ഇക്കാര്യം വിശദീകരിച്ച് സി.പി.എം നടത്തിയ പൊതുയോഗത്തിൽ പാർട്ടി നേതാക്കൾ ചോദിച്ചത്. അങ്ങാടിപ്പുറത്ത് മിനി മേൽപാലം വന്നതു കൊണ്ടാണ് ബൈപാസും അതിൽ റെയിൽവേ മേൽപാലവും യാഥാർഥ്യമാവാൻ സമയമെടുക്കുന്നതെന്നും വിശദീകരിക്കുന്നുണ്ട്.
മിനി മേൽപ്പാലത്തിനു പകരം ബൈപാസാണ് വരേണ്ടിയിരുന്നതെന്നും ചിലരുടെ താൽപര്യമാണ് അതിൽ മുന്നിട്ടുനിന്നതെന്നും പറയുന്നു. അതേസമയം 14 തവണയുള്ള റെയിൽവേ ഗേറ്റടവ് മിനി മേൽപാലം വന്നത് വഴി ഇല്ലാതായി. പാലം വന്നില്ലായിരുന്നെങ്കിൽ ഇപ്പോഴുള്ളതിന്റെ എത്രയോ ഇരട്ടി ഗതാഗതക്കുരുണ്ടാവുമായിരുന്നു.
ആംബുലൻസുകൾ പോലും കടന്നുപോവാനാവാത്ത സ്ഥിതിയും വരുമായിരുന്നു. മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടിയെ മുന്നിൽ നിർത്തി ലക്ഷം പേരുടെ ഒപ്പുശേഖരണം നടത്തിയതും മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുൻകൈയെടുത്ത് ബൈപാസ് യാഥാർഥ്യമാക്കാൻ ഉദ്യോഗസ്ഥ ജനപ്രതിനിധി യോഗങ്ങൾ നടത്തിയതും പ്രഹസനമായിരുന്നു എന്നാണ് യു.ഡി.എഫ് ആരോപണം. ഇതിന് എന്ത് ഗുണം ലഭിച്ചു എന്നും ചോദിക്കുന്നു.
4.4 കി.മീ നീളത്തിൽ ദേശീയപാതക്ക് തുല്യമായി ഭൂമി ഏറ്റെടുത്ത് ബൈപാസ് നിർമിക്കാൻ 2010ൽ സർക്കാർ അംഗീകരിച്ചതാണ്. പദ്ധതിക്ക് പ്രാഥമിക കണക്കിൽ ഇപ്പോൾ 250 കോടി വേണം. മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ കനത്ത മൽസരങ്ങൾക്ക് ശേഷം 2021ൽ യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചതോടെയാണ് രണ്ടു മണ്ഡലങ്ങളിലെയും മുഖ്യ വികസന വിഷയമായ ബൈപാസ് പദ്ധതിയോട് ഇടത് സർക്കാർ പൂർണമായും പുറംതിരിഞ്ഞത്.
ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബൈപാസ് വരാത്തതിന്റെ കെടുതി അനുഭവിക്കുന്ന മേഖലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാവും. കേവലം പ്രഖ്യാപനത്തിലപ്പുറം ജനങ്ങൾക്ക് ബോധ്യമാവുന്ന സർക്കാർ തീരുമാനമാണ് വേണ്ടത്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ എം.എൽ.എ എന്ന നിലയിൽ പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ ജനങ്ങളെ വിശ്വസിപ്പിക്കുന്നുണ്ട്.
ചെറിയ ബൈപാസ് റോഡിന് ഒരു കോടിയും റെയിൽവേ അണ്ടർപാസിന് 60 ലക്ഷവും എം.എൽ.എ നീക്കിവെച്ചിരുന്നു. വൻതുക മുടക്കി യാഥാർഥ്യമാക്കേണ്ട ഓരാടംപാലം-മാനത്തുമംഗലം ബൈപാസിന് സർക്കാർ ആദ്യം നയപരമായ തീരുമാനമെടുത്ത് ഫണ്ട് കണ്ടെത്തണം. എന്നാൽ ഇക്കാര്യം പരിഗണന പട്ടികയിൽ പോലും വരുത്താത്തത് യു.ഡി.എഫ് ജനങ്ങളെ ബോധിപ്പിക്കും.