പെരിന്തൽമണ്ണ ടൗണിൽ വൻ തീപിടിത്തം; ടാലന്റ് ബുക്ക് ഹൗസ് കത്തിനശിച്ചു, ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടം
text_fieldsപെരിന്തൽമണ്ണ ഊട്ടി റോഡിൽ ബുധനാഴ്ച പുലർച്ചെ ടാലന്റ് ബുക്ക് ഹൗസിൽ തീപടർന്നത് അണക്കാൻ ശ്രമിക്കുന്ന ഫയർ ആൻഡ് റസ്ക്യൂ വിഭാഗവും നാട്ടുകാരും
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗണിൽ ഊട്ടി റോഡിൽ വ്യാപാര സമുച്ചയത്തിൽ തീപടർന്ന് ടാലന്റ് ബുക്ക് ഹൗസ് പൂർണമായും കത്തി നശിച്ചു. ബുധനാഴ്ച പുലർച്ചെ 3.30 ഓടെയാണ് തീ പടർന്നത്. തീപിടുത്തത്തി ന്റെ കാരണങ്ങൾ പരിശോധിച്ചു വരിയാണ്. പെരിന്തൽമണ്ണ മർച്ചൻറ് അസോ. ഭാരവാഹി കൂടിയായ ടാലന്റ് ലത്തീഫി ന്റെ പുസ്തക, സ്റ്റേഷനറി സ്ഥാപനമാണ് കത്തിയത്. പെരിന്തൽമണ്ണയിൽ നിന്ന് രണ്ടും മലപ്പുറത്തുനിന്ന് ഒന്നും ഫയർ ആൻഡ് റസ്ക്യൂ യൂനിറ്റ് എത്തിയാണ് തീയണച്ചത്. സമീപത്തുള്ള മൗലാന ആശുപത്രിയുടെ അഗ്നിശമന സംവിധാനവും ജീവനക്കാരെയും പൂർണമായും തീയണക്കാൻ ഉപയോഗിച്ചതിനാലാണ് സമീപ കെട്ടിടങ്ങളിലേക്കും മറ്റും തീ പടരാതെ നോക്കാനായത്. പെരിന്തൽമണ്ണ പൊലീസും ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
കടയിലെ പുസ്തകങ്ങളും പഠന, സാമഗ്രികളും ഫർണിച്ചറുകളും അടക്കം പൂർണമായും കത്തി നശിച്ചു. ഒന്നരക്കോടിയിലേറെ രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ടെന്ന് ഉടമ അറിയിച്ചു. ഫയർ ആൻഡ് റസ്ക്യൂ യൂനിറ്റുകൾ മൂന്നര മണിക്കൂർ ശ്രമം നടത്തിയാണ് തീ പൂർണമായും അണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അനി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സഫീർ, സുജിത്, അർജുൻ അരവിന്ദ്, പ്രശാന്ത്, നസീർ, അഭിലാഷ്, അബ്ദുല്ല, ശരത്, ഹോം ഗർഡുമാരായ സുബ്രമഹണ്യൻ, ഗോപകുമാർ, ശിവദാസ്, സിവിൽ ഡിഫൻസ് അംഗങ്ങളായ ശിഹാബുദ്ദീൻ, മുസമ്മിൽ, മുഹമ്മദ് അൻവർ, അൻവർ എന്നിവരാണ് ഫയർ ആൻഡ് റസ്ക്യൂ സംഘത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച പകൽ പെരിന്തൽമണ്ണ ടൗണിൽ ഏറെ നേരം വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു.
കെ.എസ്.ആർ.ടി.സിക്ക് സമീപം ലൈനിൽ അറ്റകുറ്റപ്പണി കാരണമാണ് വൈദ്യുതി വിതരണം നിലച്ചത്. പിന്നീട് വൈദ്യുതി വിതരണം തുടങ്ങിയെങ്കിലും കുറഞ്ഞ വോൾട്ടേജായിരുന്നുവെന്നും ഉടമ പറഞ്ഞു. അത് കാരണം ജനറേറ്റർ ഉപയോഗിച്ചാണ് ടാലന്റ് ബുക്സ് പ്രവർത്തിച്ചത്. സമീപം തന്നെയുള്ള വൈദ്യുതി സെക്ഷൻ ഓഫിസിലെത്തി ഉടമ വോൾട്ടേജില്ലാത്ത കാര്യം പരാതിയും നൽകി. വൈദ്യുതി വകുപ്പ് ജീവനക്കാരിലൊരാൾ രാത്രി ഒമ്പതോടെ എത്തി സമീപത്തെ ട്രാൻസ്ഫോർമർ പ്രാഥമിക പരിശോധന നടത്തി. പിറ്റേന്ന് രാവിലെ വിശദ പരിശോധന നടത്താമെന്നും അറിയിച്ചിരുന്നു. എന്നാൽ, പുലർച്ചെ 3.30ഓടെ സ്ഥാപനത്തിൽനിന്ന് പുക ഉയരുന്ന വിവരമാണ് എത്തിയതെന്ന് ഉടമ പറഞ്ഞു.