കാപ്പ പ്രതി രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പൊലീസുകാർക്കും പരിക്ക്
text_fieldsഅജ്നാസ്
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് കാപ്പ കേസ് പ്രതിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, സിവിൽ പൊലീസ് ഓഫിസർ സുരേന്ദ്ര ബാബു എന്നിവർക്കും പരിക്കേറ്റു. ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷം അങ്ങാടിപ്പുറം പുത്തനങ്ങാടി ആലിക്കൽ അജ്നാസിനെ (35) പൊലീസ് കീഴ്പ്പെടുത്തി.
അങ്ങാടിപ്പുറത്ത് ബാറിനടുത്തായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി റോഡിന് കുറുകെ ബൈക്ക് നിർത്തിയിട്ടിരുന്നത് മാറ്റിയിടാൻ കാറിൽ വന്ന വലമ്പൂർ സ്വദേശികളായ സന്ദീപ്, വിജേഷ് എന്നിവർ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. വിജേഷിനെയും സന്ദീപിനെയും പ്രതി കുത്തി. സന്ദീപിന്റെ കൈക്കും വിജേഷിന്റെ തലയിലും ഗുരുതര പരിക്കേറ്റു. ഇരുവരെയും ആദ്യം പെരിന്തൽമണ്ണ ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റി. പ്രതി അങ്ങാടിപ്പുറത്തുള്ളതറിഞ്ഞ് എത്തിയപ്പോഴാണ് പൊലീസിന് നേരേ ആക്രമണമുണ്ടായത്. അവിടെ വെച്ചാണ് ഇൻസ്പെക്ടർ സുമേഷ് സുധാകരറനും സുരേന്ദ്ര ബാബുവിനും പരിക്കേറ്റത്. വധശ്രമത്തിന് കേസെടുത്തു. കാപ്പ കേസുകളിൽ പ്രതിയായ അജ്നാസ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.


