മാധ്യമം വെളിച്ചം ‘ലെറ്റ്സ് കൂൾ’ ജില്ലതല ഉദ്ഘാടനം നാളെ
text_fieldsപെരിന്തൽമണ്ണ: പഠനവിഷയങ്ങളിൽ വിദ്യാർഥികൾക്ക് വഴികാട്ടിയായി ‘മാധ്യമം’ പത്രത്തോടൊപ്പം പ്രസിദ്ധീകരിക്കുന്ന ‘വെളിച്ചം’ സപ്ലിമെൻറിലൂടെയും മറ്റു പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയമായ മാധ്യമം വെളിച്ചം, ഈ വർഷവും ‘ലെറ്റ്സ് കൂൾ’ പദ്ധതിയുമായി വിദ്യാർഥികൾക്കിടയിൽ.
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ റിവിഷന്റെ ഭാഗമായി പഠന നിലവാരം മെച്ചപ്പെടുത്തി പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുന്ന സൗജന്യ ക്രാഷ് കോഴ്സാണ് ‘ലെറ്റ്സ് കൂൾ’. പദ്ധതിയുടെ മലപ്പുറം ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് കാപ്പ് ജി.എച്ച്.എസിൽ എ.ഡി.എം എൻ.എം. മെഹറലി നിർവഹിക്കും.
പാഠപുസ്തകങ്ങൾക്കപ്പുറത്ത് വിജ്ഞാനത്തിന്റെ വാതിൽ തുറന്നിടുന്ന പദ്ധതിയാണിത്. എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നേരിട്ടുകാണാനും അവരുടെ ആത്മവിശ്വാസം ഉയർത്താനും സംശയങ്ങളും ആശങ്കകളും അകറ്റാനുമാണ് ‘ലെറ്റ്സ് കൂൾ’ പദ്ധതിയുമായി മാധ്യമം ‘വെളിച്ചം’ വിദ്യാലയങ്ങളിലേക്ക് എത്തുന്നത്.
വെളിച്ചം സപ്ലിമെൻറിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ‘Call Your Teacher’ എന്ന പരമ്പരയുടെ ഭാഗമായാണ് ലെറ്റ്സ് കൂൾ ക്രാഷ് കോഴ്സ് നടപ്പാക്കുന്നത്. അധ്യാപകരുടെ സേവനവും പഠന മെറ്റീരിയലുകളും തീർത്തും സൗജന്യമായിരിക്കും.
‘ലെറ്റ്സ് കൂൾ’ പദ്ധതിയുടെ സവിശേഷതകൾ
- പരിചയസമ്പന്നരായ അധ്യാപകരുടെ ക്ലാസുകൾ.
- മാതൃകാ ചോദ്യപേപ്പറുകളുടെ അവലോകനം.
- പാഠഭാഗങ്ങളുടെ ചർച്ച.
- മാത്ത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പ്രത്യേക സെഷനുകൾ.
- പരീക്ഷപ്പേടി അകറ്റി, ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ടിപ്സ്.
- മാത്ത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുടെ അച്ചടിച്ച പഠന മെറ്റീരിയലുകൾ, മറ്റു വിഷയങ്ങളുടെ ഡിജിറ്റൽ മെറ്റീരിയലുകൾ.