എൽ.ഡി.എഫ് നൽകുന്ന പട്ടികയിൽ പ്രഥമ സ്ഥാനത്ത് മാനത്തുമംഗലം ബൈപ്പാസ്
text_fieldsകോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്
പെരിന്തൽമണ്ണ: നവകേരള സദസുമായി വ്യാഴാഴ്ച പെരിന്തൽമണ്ണയിലെത്തുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുമ്പിൽ എൽ.ഡി.എഫ് വെക്കുന്ന വികസന പദ്ധതികളിൽ ഒന്നാമത്തേത് നിർദ്ദിഷ്ട ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ്. ‘കുരുക്കഴിക്കണം ആതുരാലയ നഗരത്തിൽ’ മാധ്യമം പരമ്പരയിൽ പെരിന്തൽമണ്ണയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വ്യാപാരികളും ഇക്കാര്യം നേരത്തെ ഉയർത്തിയതാണ്.
ബൈപ്പാസ് പദ്ധതിയാണ് എൽ.ഡി.എഫ് നൽകുന്ന ആവശ്യങ്ങളിൽ പ്രഥമ സ്ഥാനത്തെന്ന് പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ് സംഘാടക സമിതി ചെയർമാൻ കൂടിയായ മുൻ.എം.എൽ.എ വി. ശശികുമാർ പറഞ്ഞു. 2010ൽ നിർമിച്ച മാനത്തുമംഗലം പൊന്ന്യാകുർശി ബൈപ്പാസും അതോടൊപ്പം ട്രാഫിക് ജങ്ഷൻ വിപുലീകരണവും വി. ശശികുമാർ പെരിന്തൽമണ്ണ എം.എൽ.എ ആയിരുന്ന ഘട്ടത്തിൽ അന്നത്തെ ഇടത് സർക്കാർ നടപ്പാക്കിയതാണ്.
ആശുപത്രി നഗരം നേരിടുന്ന ഗതാഗതക്കുരുക്കും വീർപ്പുമുട്ടലും വിവിധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രി പിണറായി വിജയൻ മുമ്പാകെ 30ന് പ്രഭാത സദസിൽ ഉന്നയിക്കും.
വലമ്പൂർ ഏഴുകണ്ണിപ്പാലത്തിന് മുകളിലൂടെ കടന്നുപോവുന്ന റെയിൽവേ ട്രാക്കിനു മേൽഭാഗത്തുകൂടി റോഡ് കടത്തിവിടുന്ന രൂപരേഖയാണ് നിലവിലുള്ളത്. ദേശീയപാതയിലെ ചരക്കുനീക്കം, ദീർഘദൂരയാത്രികർ തുടങ്ങിയവ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണിലെത്താതെ പോവാൻ ബൈപ്പാസ് ഉപകരിക്കും. ഇത് ആശുപത്രി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കും.