മേലാറ്റൂർ - പുലാമന്തോൾ പാത; ശേഷിക്കുന്ന പ്രവൃത്തിയിൽ ജനങ്ങളുടെ നിർദേശവും പരിഗണിക്കണമെന്ന് എം.എൽ.എ
text_fieldsപെരിന്തൽമണ്ണ: മേലാറ്റൂർ - പുലാമന്തോൾ പാതയിൽ ഇനി നടക്കാനുള്ള 40 ശതമാനം പ്രവൃത്തി ജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നിർദേശം കൂടി പരിഗണിച്ച് നടത്തണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. അശാസ്ത്രീയമായാണ് ഇതുവരെയുള്ള പല പ്രവൃത്തികളും നടന്നതെന്ന് ആക്ഷേപമുണ്ട്. ഇനിയുള്ള പണികളിൽ അത് ആവർത്തിക്കരുത്.
പെരിന്തൽമണ്ണ ടൗണിൽ ഊട്ടി റോഡിൽ മുണ്ടത്ത് പാലം പ്രധാന പദ്ധതിയിലേ ഉൾപ്പെടുത്താനാവൂ. ഇവിടെ അടക്കം കുഴികൾ പാച്ച് വർക്ക് ചെയ്ത് യാത്രയോഗ്യമാക്കും. പഴയ കരാറുകാർ പൂർണമായി ഒഴിവായി. കേസ് നടപടികൾ കഴിഞ്ഞു. ശേഷിക്കുന്ന പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണ്. ഇതിന് അംഗീകാരം ലഭിച്ച് പ്രവർത്തി ആരംഭിക്കും മുമ്പ് റോഡ് യാത്രായോഗ്യമാക്കുന്ന പ്രവർത്തി തിങ്കളാഴ്ച മുതൽ നടക്കും. പുളിങ്കാവ്, ചെറുകര, മേലാറ്റൂർ റെയിൽവേ ഗേറ്റ് പരിസരങ്ങൾ, ഊട്ടിറോഡിൽ ബൈപ്പാസ് റോഡ് ജങ്ഷൻ എന്നിവിടങ്ങളിൽ അടക്കം പാതയിൽ കുഴിയടച്ച് ചെറിയ രൂപത്തിൽ ടാറിങ് പ്രവർത്തിയാണ് തിങ്കളാഴ്ച ആരംഭിക്കുക. 96 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളാണ് നടക്കുക.
പൂവത്താണി- കാമ്പ്രം റോഡ്; ‘വിവാദങ്ങൾ അനാവശ്യം’
തന്റെ നിർദേശപ്രകാരം പൂവത്താണി- പള്ളിക്കുന്ന്- കാമ്പ്രം റോഡിനായി 2022-23 വർഷത്തെ ബജറ്റ് വിഹിതം മുഴുവനായി നൽകിയിട്ടുണ്ടെന്ന് നജീബ് കാന്തപുരം എം.എൽ.എ. നിർമാണം പൂർത്തിയായ റോഡിന്റെ ഉദ്ഘാടനത്തിന് മന്ത്രിയെ ക്ഷണിച്ചിരുന്നു. തിരക്കുകാരണം അദ്ദേഹം പങ്കെടുക്കാതിരുന്നതാണ്. മറ്റു വിവാദങ്ങൾ അനാവശ്യമാണ്. രണ്ടാം ഘട്ടം മണലായ മുതുകുർശി റോഡാണ്.
പ്രധാന ബൈപ്പാസായി അത് മാറും. പെരിന്തൽമണ്ണ ടൗണിലെ പ്രധാന റോഡാണ് കക്കൂത്ത് ടൗൺഹാൾ റോഡ്. ഇതിന് ഒരു കോടി രൂപ കൂടി വെച്ച് ശേഷിക്കുന്ന പ്രവർത്തി പൂർത്തിയാക്കും. ചെറിയ പ്രവർത്തികളായി എല്ലായിടത്തും അൽപാൽപമായി ഫണ്ട് നൽകാതെ ഏതെങ്കിലും ഒരു റോഡ് സമ്പൂർണമായി നിർമിക്കുകയാണ്. പാറക്കണ്ണി റോഡ് ഉദ്ഘാടനത്തിന് മന്ത്രിയെ വീണ്ടും ക്ഷണിക്കും. കാര്യവട്ടം-അലനല്ലൂർ റോഡ് പണി പൂർത്തിയാക്കി ഒരു വർഷത്തോളം കാത്തിരുന്നിട്ടും മന്ത്രിയുടെ ഡേറ്റ് ലഭിച്ചില്ല.
റോഡ് പണി കഴിഞ്ഞ് വരയിട്ടാൽ പെട്ടെന്ന് ഉദ്ഘാടനം നടത്തണമെന്ന് ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. മന്ത്രിയെ മാറ്റി നിർത്തിയെന്നടക്കമുള്ള ആക്ഷേപം വസ്തുതക്ക് നിരക്കാത്തതാണ്- എം. എൽ. എ പറഞ്ഞു. പൂവത്താണി- കാമ്പ്രം റോഡ് റോഡ് ഏതാനും ദിവസം മുമ്പ് നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തിരുന്നു. 29 ന് മന്ത്രി പി. എ. മുഹമ്മദ് റിയാസിനെ പങ്കെടുപ്പിച്ച് സി.പി.എം മുൻകൈ എടുത്ത് റോഡിന്റെ വീണ്ടും ഉദ്ഘാടനം നടത്തുന്നുണ്ട്.