ഒരുക്കം പാതിവഴിയിൽ; കാദറലി ഫുട്ബാളിന് ഇത്തവണ നഗരസഭ ഗ്രൗണ്ട് അനുവദിക്കില്ല
text_fieldsപെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ കാദറലി സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 20ന് ആരംഭിക്കേണ്ട സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് സംഘാടക സമിതി രൂപവത്കരിച്ച് ഒരുക്കങ്ങൾ നടത്തി വരുന്നതിനിടയിൽ നെഹ്റു സ്റ്റേഡിയം വിട്ടുനൽകില്ലെന്ന് നഗരസഭ.
നെഹ്റു സ്റ്റേഡിയം മറ്റൊരു ക്ലബിന് നൽകാനാണ് തീരുമാനം. തീരുമാനം നഗരസഭ അധ്യക്ഷന്റെ ഏകപക്ഷീയ നടപടിയാണെന്നും മുഴുവൻ ഫുട്ബാൾ പ്രേമികളും ഇതിനെതിരെ രംഗത്ത് വരുമെന്നും ക്ലബ് ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. ഡിസംബർ 20ന് നെഹ്റു സ്റ്റേഡിയത്തിൽ സെവൻസ് ഫുട്ബാൾ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനകം പൂർത്തിയാക്കി.
20 ടീമുകളെ പങ്കെടുപ്പിച്ച് ഫിക്സ്ചർ തയാറായി. ഇതിനിടയിലാണ് മറ്റൊരു ക്ലബിന്റെ അപേക്ഷ മാനിച്ച് നെഹ്റു സ്റ്റേഡിയം അവർക്ക് അനുവദിച്ചതായി നഗരസഭ ചെയർമാൻ അറിയിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാനത്ത് തന്നെ വ്യവസ്ഥാപിതമായി അരനൂറ്റാണ്ട് പിന്നിടുന്ന ഏക സെവൻസ് ഫുട്ബാൾ മേളയാണ് കാദറലി സെവൻസ്. ഇത്തവണ 53ാമത് മേളയാണ്. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു മാസം മുമ്പ് നഗരസഭ ഓഫിസിൽ ക്ലബ് അപേക്ഷ നൽകിയിരുന്നു.
ഇതിനിടയിലാണ് മറ്റൊരു ക്ലബിന്റെ അപേക്ഷ പരിഗണിച്ച് നഗരസഭ ചെയർമാൻ അവർക്ക് ഗ്രൗണ്ട് അനുവദിച്ചത്. നടപടിയിൽ കാദറലി ക്ലബ് പ്രതിഷേധിച്ചു. അതേസമയം, പ്രഖ്യാപിച്ച തീയതിയിൽ തന്നെ പെരിന്തൽമണ്ണയിൽ ടൂർണമെന്റ് നടത്താൻ ക്ലബ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രതിഷേധയോഗത്തിൽ മണ്ണിൽ ഹസ്സൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ, മണ്ണേങ്ങൽ അസീസ്, കുറ്റീരിമാനുപ്പ, യൂസഫ് രാമപുരം, പച്ചീരി സുബൈർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് സ്വാഗതവും എച്ച്. മുഹമ്മദ് ഖാൻ നന്ദിയും പറഞ്ഞു.
പരിഗണിച്ചത് സെവൻസ് അസോ. അനുമതി നൽകിയ ക്ലബിനെ -നഗരസഭ
പെരിന്തൽമണ്ണ: നെഹ്റു സ്റ്റേഡിയത്തിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തുന്നതിന് നഗരസഭയുടെ അനുമതി വേണമെന്നിരിക്കെ അതിനു മുമ്പ് ഒരുക്കം നടത്തിയത് വീഴ്ചയാണെന്നും ഇതിൽ തന്നെ പഴിചാരുന്നത് അപലപനീയമാണെന്നും പെരിന്തൽമണ്ണ നഗരസഭ അധ്യക്ഷൻ പി. ഷാജി അറിയിച്ചു. ഇരു ക്ലബുകളോടും നഗരസഭക്ക് പ്രത്യേക വിരോധമോ വിധേയത്വമോ ഇല്ല.
സുതാര്യമായാണ് കാര്യങ്ങൾ തീരുമാനിച്ചത്. ഒരേ സമയത്ത് രണ്ടു ക്ലബുകൾ സ്റ്റേഡിയം ആവശ്യപ്പെട്ട് അനുമതി തേടുന്ന പക്ഷം, കൗൺസിൽ തീരുമാനത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ. അഖിലേന്ത്യ ടീമുകളെ നൽകുന്ന സെവൻസ് ഫുട്ബാൾ അസോസിയേഷൻ ഇത്തവണ അംഗീകാരം നൽകിയ ക്ലബിന് ആദ്യം ടൂർണമന്റെ് നടത്താൻ അനുമതി നൽകി. രണ്ടാമത് കാദറലി ക്ലബിന് നടത്താനാണ് നഗരസഭ ആവശ്യപ്പെട്ടതെന്നും പി.ഷാജി അറിയിച്ചു.


