ഇത്തവണയുമുണ്ട് ഗോദയിൽ നിഷ-സുബൈർ ദമ്പതികൾ
text_fieldsനിഷ, സുബൈർ
പെരിന്തൽമണ്ണ: മൂന്നുതവണ പെരിന്തൽമണ്ണ നഗരസഭയിലേക്ക് തെരെഞ്ഞടുക്കപ്പെട്ട് ജനപ്രതിനിധിയായി തഴക്കം വന്ന കോൺഗ്രസിലെ നിഷ സുബൈറിന്റെ മത്സരത്തിന് ഇത്തവണയും പ്രത്യേകതയുണ്ട്. ഭർത്താവ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പച്ചീരി സുബൈർ തൊട്ടടുത്ത വാർഡിൽ മത്സരത്തിനുണ്ട്. നിഷ തോട്ടക്കരയിലും സുബൈർ കുട്ടിപ്പാറയിലുമാണ് യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നത്. 2020ലും സുബൈർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അന്ന് യു.ഡി.എഫ് സ്ഥാനാർഥിയെ പിന്നിലാക്കിയെങ്കിലും 61 വോട്ടിന് പാതായ്ക്കര സ്കൂൾപടിയിൽ സി.പി.എമ്മിലെ കെ. ഉണ്ണികൃഷ്ണനോട് പരാജയപ്പെട്ടു.
ഫുട്ബാൾ ജീവനായ സുബൈർ അതേ ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ഇത്തവണയും സുബൈർ ഫു്ടബാൾ തന്നെയാവും ചോദിക്കുക. 2020ൽ എതിരാളിയായിരുന്ന ഉണ്ണികൃഷ്ണൻ മാസ്റ്റർ തന്നെയാണ് കുട്ടിപ്പാറയിലും ഇടതു സ്ഥാനാർഥി. ഉണ്ണികൃഷ്ണൻ മാസ്റ്റർ 2020 മുതൽ നഗരസഭയിൽ സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. തോട്ടക്കര വാർഡ് 34 ലാണ് നിഷ സുബൈർ മത്സരിക്കുന്നത്. എതിരാളി സി.പി.എമ്മിലെ ഷൈനി. ഇവിടെ ബി.ജെ.പിക്കും സ്ഥാനാർഥിയുണ്ട്.
സുബൈർ മത്സരിക്കുന്നത് സി.പി.എമ്മിനെ ഏറെക്കാലമായി തുണക്കുന്ന വാർഡിലാണ്. നിഷയുടെ പഴയ വാർഡ് രൂപം മാറിയിട്ടുണ്ടെങ്കിലും മൂന്നുതവണ മത്സരിച്ചതുകൊണ്ട് നാട്ടുകാർക്ക് സുപരിചിതയാണ്.


