ഈ വേനലിലും രാമഞ്ചാടി പദ്ധതി വഴി വെള്ളം എത്തില്ല
text_fieldsപെരിന്തൽമണ്ണ: ചേലാമലയിൽ അലീഗഢ് കാമ്പസ് നിൽക്കുന്ന കുന്നുംപുറത്ത് ടാങ്ക് സ്ഥാപിച്ച് തൂതപ്പുഴയിൽനിന്ന് വെള്ളം പമ്പിങ് നടത്തി ശുദ്ധീകരിച്ച് വിതരണം നടത്തുന്ന രാമഞ്ചാടി ശുദ്ധജല പദ്ധതി വഴി ഈ വേനലിലും വെള്ളം എത്തില്ല. ഇനി കാത്തിരിപ്പ് വൈദ്യുതി ലഭിക്കാൻ മാത്രം എന്നായിരുന്നു 2024 മാർച്ചിൽ ജലവിഭവ വകുപ്പ് ജനങ്ങളോട് പറഞ്ഞിരുന്നത്. ആറുകോടിയുടെ പദ്ധതി കിഫ്ബിക്ക് നൽകിയിട്ടുണ്ടെങ്കിലും അന്ന് അംഗീകാരം ആയിരുന്നില്ല. പിന്നീട് നടപടികളിൽ മെല്ലെപ്പോക്ക് തുടർന്നു.
പെരിന്തൽമണ്ണ നഗരസഭയിലും ഏലംകുളം, അങ്ങാടിപ്പുറം, ആലിപ്പറമ്പ് പഞ്ചായത്തുകളിലുമാണ് വെള്ളമെത്തേണ്ടത്. 2020ൽ 93 കോടിയുടെ പദ്ധതി തുടങ്ങിയപ്പോൾ 2022 മാർച്ചിൽ കമീഷൻ ചെയ്യുമെന്നായിരുന്നു ഉറപ്പ്. അഞ്ചുവർഷം പിന്നിട്ടിട്ടും പദ്ധതിയിൽ വെള്ളം ചുരത്തുന്നത് നോക്കിയിരിക്കുകയാണ് നൂറുകണക്കിന് കുടുംബങ്ങൾ. അലീഗഢ് കാമ്പസ് സൈറ്റിൽ സ്ഥാപിച്ച ജലസംഭരണിയിലേക്ക് പമ്പിങ് നടത്തി ശുദ്ധീകരിച്ച് നഗരപ്രദേശത്തേക്ക് സ്വാഭാവികമായി ജലമൊഴുക്കി വിടുന്നതാണ് പദ്ധതി.
അലീഗഢ് കാമ്പസിൽ ഒന്നര ഏക്കർ ഭൂമി ഇതിന് അനുവദിച്ചിട്ടുണ്ട്. 23 എം.എൽ.ഡി വെള്ളമാണ് പ്രതിദിനം പമ്പിങ് നടത്തുക. പദ്ധതിയിൽനിന്ന് 11 എം.എൽ.ഡി പെരിന്തൽമണ്ണ നഗരസഭക്കും നാല് എം.എൽ.ഡി വീതം അലീഗഢ് സർവകലാശാലക്കും ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകൾക്കുമാണ്. ആദ്യഘട്ടത്തിൽ പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം, അലീഗഢ് എന്നിവക്കാണ് വെള്ളമെത്തിക്കുക.
നിലവിലെ കട്ടുപ്പാറ പദ്ധതിയിൽ 3.5 എം.എൽ.ഡി ശേഷിയുള്ള അർബൻ ജലവിതരണ സംവിധാനം നിലവിലുണ്ട്. ഇതാണ് 23 എം.എൽ.ഡി ആയി മാറുന്നത്. പെരിന്തൽമണ്ണയിൽ നിന്ന് ഏലംകുളം രാമഞ്ചാടി കടവു വരെ എട്ട് കി.മീ പുതിയ ഫീഡറിനുള്ള വലിയ ലൈൻ വലിക്കാനാണ് ആറുകോടിയുടെ പദ്ധതി.
അങ്ങാടിപ്പുറവും ആലിപ്പറമ്പും രണ്ടാം ഘട്ടത്തിലേ ഉണ്ടാവൂ. പെരിന്തൽമണ്ണ ടൗണിലെ അർബൻ ജലവിതരണ പദ്ധതിയിൽ പഴകിയ എ.സി പൈപ്പുകൾ മുഴുവനായി മാറ്റി ജി.ഐ പൈപ്പുകൾ സ്ഥാപിച്ചു. 47 കിലോമീറ്റർ വരുന്ന ഈ വിതരണ പൈപ്പുകൾ മാറ്റാൻ മാത്രം 37 കോടിയാണ് ചെലവിട്ടത്. കിണർ, പമ്പുസെറ്റ് , ട്രീറ്റ്മെൻറ് പ്ലാന്റ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒന്നര വർഷം മുമ്പ് തയാറായി.
ശുചീകരണശാല, കിണർ, കിണറ്റിൽ നിന്ന് പമ്പിങ് മെയിൻ, പാതായ്ക്കര ടാങ്കിലേക്കുള്ള ഗ്രാവിറ്റി മെയിൻ, ഏലംകുളം പഞ്ചായത്തിലേക്കുള്ള പൈപ്പ് എന്നിവയും പൂർത്തിയാക്കി. താഴെയുള്ള കിണർ സൈറ്റ്, ഉയരം കൂടിയതിനാൽ ഇടയിൽ സ്ഥാപിച്ച ബൂസ്റ്റർ പമ്പിങ് സ്റ്റേഷൻ എന്നിവിടങ്ങളിലും ഉയർന്ന അളവിൽ വൈദ്യുതി എത്തണം. കിണറിനു സമീപവും ബൂസ്റ്റർ യൂനിറ്റിലുമാണ് പമ്പു സ്ഥാപിക്കുന്നത്.