ബൈപാസ് പദ്ധതിയോട് അവഗണന; പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ ഭൂമി ഏറ്റെടുത്ത് വിപുലീകരണം
text_fieldsപെരിന്തൽമണ്ണ: ഗതാഗതക്കുരുക്കും വാഹനപ്പെരുപ്പവും നിലനിൽക്കുന്ന പെരിന്തൽമണ്ണയിൽ നേരത്തെ അംഗീകരിച്ച ബൈപാസ് പദ്ധതിയിൽ തൊടാതെ ട്രാഫിക് ജങ്ഷനിൽ 57 കോടി രൂപയുടെ വിപുലീകരണത്തിന് പദ്ധതി. ട്രാഫിക് ജങ്ഷനിൽ നാലു റോഡുകളും വീതി കൂട്ടി ഡിവൈഡറുകൾ സ്ഥാപിക്കും.
നിലവിൽ ട്രാഫിക് സിഗ്നൽ തെളിഞ്ഞാൽ ഇടതുവശം ചേർന്ന് പോവാൻ കഴിയുന്ന വിധം നാലു റോഡുകളിലും വീതിയില്ല. ഈ സൗകര്യമാണ് ട്രാഫിക് സിഗ്നൽ ജങ്ഷനിൽ വേണ്ടത്.
കോഴിക്കോട്-പാലക്കാട് ദേശീയപാതയും നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയും എന്നിവയാണ് പെരിന്തൽമണ്ണ ട്രാഫിക് ജംങ്ഷനിലുള്ളത്. ആംബുലൻസുകൾ മിക്കപ്പോഴും ട്രാഫിക് കുരുക്കിൽ പെടുന്ന സ്ഥിതിയുണ്ട്. റോഡിനോട് ചേർന്ന സ്വകാര്യ കെട്ടിടങ്ങൾ പൊളിച്ച് ഭൂമി ഏറ്റെടുത്ത് റോഡ് വീതികൂട്ടാനാണ് കിഫ്ബി പദ്ധതിയിൽ ആലോചന.
കേരളത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നഗരങ്ങളെയാണ് പദ്ധതിക്ക് തെരഞ്ഞെടുത്തത്. പെരിന്തൽമണ്ണ നഗരത്തിൽ നാലു റോഡിലും ഒരേക്കറിലേറെ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. 150 മുതൽ 200 മീറ്റർ വരെ നീളത്തിലാണ് ഭൂമി ഏറ്റെടുക്കേണ്ടി വരിക. ഇത് കെട്ടിടങ്ങളെയും വ്യാപാര സ്ഥാപനങ്ങളെയും ബാധിക്കും.
വ്യാപാരികൾ ഇതിനകം ആശങ്ക ഉയർത്തിക്കഴിഞ്ഞു. അങ്ങാടിപ്പുറം ഓരാടംപാലം മുതൽ മാനത്തുമംഗലം വരെ 1.4 കി.മീ പുതിയ റോഡ് നിർമിക്കാൻ പദ്ധതി സർക്കാർ 2010 ൽ ആവിഷ്കരിച്ചതാണ്. എന്നാൽ വേണ്ട ഫണ്ട് നീക്കിവെക്കാതെ 15 വർഷമാണ് നീട്ടിക്കൊണ്ടുപോയത്. സർക്കാറിന്റെ അവസാന ബജറ്റിലെങ്കിലും പദ്ധതി ഇടംപിടിക്കുമെന്ന പ്രതീക്ഷയും തെറ്റി.
‘വ്യാപാരികളെ വഴിയാധാരമാക്കിയുള്ള പദ്ധതിയിൽനിന്ന് പിന്മാറണം’
പെരിന്തൽമണ്ണ: ട്രാഫിക് ജങ്ഷൻ വികസിപ്പിക്കുന്നതിന് കിഫ്ബി മുഖേന നടപ്പാക്കാൻ പോവുന്ന പദ്ധതിയിൽനിന്ന് സർക്കാർ പിൻവാങ്ങണമെന്ന് പെരിന്തൽമണ്ണ മർച്ചന്റ് അസോ. ഭാരവാഹികൾ അറിയിച്ചു. 200 ഓളം വ്യാപാരികളെയും അവരെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളെയും സാരമായി ബാധിക്കും. മുൻ എം.എൽ.എ വി. ശശികുമാറിന്റെ കാലത്ത് അദ്ദേഹത്തിന്റെയും മർച്ചന്റ്സ് അസോസിയേഷന്റെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമായി ട്രാഫിക് ജങ്ഷൻ വിപുലീകരിച്ചതാണ്. വ്യാപാരികളെ പുനരധിവസിപ്പിച്ചും ഒഴിവാക്കിയുമാണിത് ചെയ്തത്. പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിലെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കണം. വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് പി.ടി.എസ്. മൂസു, സെക്രട്ടറി സി.എച്ച്. മുഹമ്മദ് ഇഖ്ബാൽ, കെ. അബ്ദുൽ ലത്തീഫ്, പി.പി.സൈതലവി, ഹാരിസ് ഇൻഡ്യൻ, ഇബ്രാഹീം കാരയിൽ, ഖാജ മുഹ് യുദ്ദീൻ, സബ് കമ്മിറ്റി അംഗങ്ങളായ കെ.എം.കെ. മുഹമ്മദ്, കിനാതിയിൽ ഷഫീഖ്, ഷിബുമോഡേൺ എന്നിവർ പങ്കെടുത്തു.