പെരിന്തൽമണ്ണ താലൂക്ക് വികസന സമിതി; ദേശീയപാതയിൽ ബസുകളുടെ അമിത വേഗത നിയന്ത്രിക്കണം
text_fieldsപെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് റൂട്ടിൽ ചില സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ അമിത വേഗതയിൽ ഓടുന്നതിനെതിരെ പരിശോധനകൾ കർശനമാക്കണമെന്നും നടപടി സ്വീകരിക്കണമെന്നും പെരിന്തൽമണ്ണ താലൂക്ക് വികസന സമിതിയിൽ ആവശ്യം. ഇത്തരം സർവിസുകൾ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് രാധാമോഹനൻ പരാതി ഉന്നയിച്ചു.
പരാതിയിൽ അമിത വേഗതയിൽ ഓടുന്ന ബസുകൾക്കെതിരെ നടപടി എടുക്കാൻ പരിശോധന ഊർജിതമാക്കിയതായി പെരിന്തൽമണ്ണ സബ് ആർ.ടി.ഒ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. പെരിന്തൽമണ്ണ ട്രാഫിക് സിഗ്നലിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കച്ചവടക്കാർ അശ്രദ്ധമായി റോഡിലൂടെ കച്ചവടം നടത്തുന്നത് അപകടത്തിന് കാരണമാകുന്നത് നിയന്ത്രിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
പാചക വാതക ഏജൻസി ഷോറൂമിന്റെ അഞ്ചു കി.മീ പരിധിയിൽ സിലിണ്ടർ വിതരണത്തിന് യാത്രാനിരക്ക് ഈടാക്കാൻ പാടില്ലെന്ന് ജില്ല കലക്ടർ ഏജൻസികളോട് നിർദേശിച്ച സാഹചര്യത്തിൽ പെരിന്തൽമണ്ണ താലൂക്ക് പരിധിയിലെ എല്ലാ ഗ്യാസ് ഏജൻസികളും ഇത് പാലിക്കുന്നുണ്ടെന്ന് താലൂക്ക് സപ്ലൈ ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും യോഗത്തിൽ എ. ശിവദാസൻ ആവശ്യപ്പെട്ടു. യോഗത്തിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.
വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, താലൂക്ക് സഭ അംഗങ്ങളായ എൻ.പി. ഉണ്ണികൃഷ്ണൻ, കൃഷ്ണദാസ് ആൽപ്പാറ, ഹംസ പാലൂര്, എം.വി. വർഗീസ്, എ. ശിവദാസൻ, കെ. മൊയ്തീൻകുട്ടി, രാധാമോഹനൻ, തഹസിൽദാർ എ. വേണുഗോപാലൻ, ഭൂരേഖ തഹസിൽദാർ സൗമ്യ ടി. ഭരതൻ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.