ഫാർമസിസ്റ്റുകളുടെ കുറവ്; ജില്ല ആശുപത്രിയിൽ മരുന്ന് കിട്ടാൻ കാത്തുനിൽക്കണം
text_fieldsപ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ ഡോക്ടറെ കണ്ടാലും മരുന്ന് കിട്ടാൻ മണിക്കൂറുകൾ വരി നിൽക്കേണ്ട അവസ്ഥ. മതിയായ ഫാർമസിസ്റ്റുകളില്ലാത്തതാണ് കാരണം. നാല് തസ്തികയിൽ ഒരാൾ ഇൻചാർജാണ്. ഇതിന് പുറമെ നാല് താൽക്കാലിക ഫാർമസിസ്റ്റുകളുള്ളതിൽ രണ്ടുപേർ ജോലി മതിയാക്കി. രണ്ടാഴ്ചയോളമായി മരുന്ന് വിതരണം പ്രതിസന്ധിയിലാണ്. ആയിരത്തിന് മുകളിൽ രോഗികളാണ് പ്രതിദിനം ചികിൽസ തേടിയെത്തുന്നത്.
രാവിലെയെത്തി ഒ.പിയിൽ ഡോക്ടറെ കണ്ടാലും മരുന്ന് കിട്ടാൻ ഉച്ചക്ക് രണ്ട് കഴിയും. 24 മണിക്കൂർ പ്രവർത്തിക്കുന്നതാണ് ഫാർമസി. രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെയാണ് ആദ്യ ഷിഫ്റ്റ്. ഇതിൽ മൂന്ന് കൗണ്ടറുകളിലാണ് ഇപ്പോൾ മരുന്ന് വിതരണം. ജീവനക്കാർ കുറയുമ്പോൾ വീണ്ടും കൗണ്ടർ കുറയും. മൂന്നു മണിക്കൂർ വരെയാണ് ബുധനാഴ്ച മരുന്നിന് ക്യൂ നിന്നതെന്ന് രോഗികൾ പറഞ്ഞു. രാത്രികാലങ്ങളിൽ ഒരാളേ ഉണ്ടാവൂ.
പത്ത് കൗണ്ടറുകളിൽ മരുന്ന് വിതരണ സൗകര്യമുണ്ടെങ്കിലും ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തിക്കില്ല. അഞ്ച് കൗണ്ടറുകളിലൂടെയെങ്കിലും മരുന്ന് നൽകാനാവണമെന്നാണ് ആവശ്യം. ഇതിനായി ഫാർമസിസ്റ്റ് തസ്കിക വർധിപ്പിക്കണം. ജില്ല ആശുപത്രിയായ 2014 മുതൽ സ്റ്റാഫ് പാറ്റേൺ ആവശ്യപ്പെട്ട് സർക്കാരിന് മുമ്പിലും മന്ത്രിക്ക് മുമ്പിലും റിപ്പോർട്ടുകൾ എത്തുന്നുണ്ട്.
ഫാർമസിസ്റ്റുകൾക്ക് വേതനം 450 രൂപ
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ ഫാർമസിസ്റ്റുകൾക്ക് 450 രൂപയാണ് പ്രതിദിന വേതനം. ഇത് പരിമിതമാണെന്നും 900 രൂപ വരെ നൽകാൻ സർക്കാർ ഉത്തരവുണ്ടെന്നിരിക്കെ അതിന്റെ പകുതി നൽകി ജോലി ചെയ്യിപ്പിക്കുന്നത് ശരിയല്ലെന്നും അഭിപ്രായമുണ്ട്. വ്യാഴാഴ്ച താൽക്കാലിക ഫാർമസിസ്റ്റ് നിയമനത്തിനായി ഇവിടെ ഇന്റർവ്യൂ നടക്കുന്നുണ്ട്.
450 രൂപ പോരെന്നും സർക്കാർ നിർദ്ദേശമനുസരിച്ച് വേതനം വർധിപ്പിക്കണമെന്നും ആശുപത്രി സൂപ്രണ്ടിനെ കണ്ട് പ്രൈവറ്റ് ഫാർമസിസ്റ്റ് അസോ. ഭാരവാഹികൾ ആവശ്യപ്പെട്ടു. തുക വർധിപ്പിക്കാൻ ഇപ്പോൾ നിർവാഹമില്ലെന്നും ആശുപത്രിയിലെ വരുമാനമനുസരിച്ച് മാനേജ്മെന്റ് കമ്മിറ്റിയാണ് താൽക്കാലികമായി നയമനം നടത്തുന്നതെന്നും സൂപ്രണ്ട് അറിയിച്ചു.


