ഓണപ്പാച്ചിലിൽ കുരുക്കിലമർന്ന് അങ്ങാടിപ്പുറം
text_fieldsഅങ്ങാടിപ്പുറത്ത് ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്ക്
പെരിന്തൽമണ്ണ: ഓണത്തിരക്കിലമർന്ന് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ അങ്ങാടിപ്പുറം. അങ്ങാടിപ്പുറം ടൗണിൽ കോട്ടക്കൽ, വളാഞ്ചേരി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് കടക്കാൻ ഏറെ നേരം കാത്തുനിൽക്കേണ്ട ഗതികേടിലാണ്. ആശുപത്രിയിലേക്ക് രോഗികളെയുമായി സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ മണിക്കൂറുകളോളം റോഡിലാണ്. ആംബുലൻസുകൾക്ക് സ്വാഭാവികമായി വഴിയൊരുക്കിക്കൊടുക്കുമെങ്കിലും കുരുക്ക് മറികടക്കൽ അവർക്കും ദുഷ്കരമായി.
സ്ഥിരമായി ഇതുവഴി കടന്നുപോവുന്ന ബസുകളും യാത്രക്കാരും സ്വകാര്യ ടാക്സികളും മണിക്കൂറുകൾ നീളുന്ന കുരുക്ക് ശീലിച്ചു തുടങ്ങി. അതിനിടയിൽ റോഡിലെ വലിയ കുഴികൾ മൂലമുണ്ടാവുന്ന കുരുക്ക് പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. വലിയ ചരക്കു വാഹനങ്ങൾക്ക് രാവിലെയും വൈകീട്ടും നിയന്ത്രണം ഏർപ്പെടുത്തിയിട്ടും നിരത്തിൽ തടസ്സമില്ലാതെ വാഹനഗതാഗതം നടക്കുന്നില്ല.
പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും സ്വകാര്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും സമയത്തിനെത്താനാവാതെ തൊഴിലാളികളും വലയുകയാണ്. ഓണം വിപണി ഉണർന്നതോടെയാണ് ഏതാനും ദിവസങ്ങളായി നീണ്ട കുരുക്ക്. അതേസമയം അങ്ങാടിപ്പുറത്തെ വ്യാപാര സ്ഥാപനങ്ങളെ ഇത് ഏറെ ദോഷകരമായാണ് ബാധിക്കുന്നത്. ദേശീയപാതക്ക് സമാന്തരമായി നിർദ്ദിഷ്ട ബൈപാസ് പദ്ധതി യാഥാർഥ്യമാക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് യാത്രക്കാർ ഒരേസ്വരത്തിൽ പറയുന്നത്. അതിന് പ്രാദേശിക സർക്കാറോ പ്രാദേശിക ജനപ്രതിനിധികളോ അല്ല, സംസ്ഥാന സർക്കാർ കണ്ണുതുറക്കുക തന്നെ വേണം.