ബസ് സ്റ്റാൻഡ് പരിസരത്തെ വയലിൽ കക്കൂസ് മാലിന്യം തള്ളി; രണ്ടു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു
text_fieldsപെരിന്തൽമണ്ണ നഗരസഭയുടെ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിന് സമീപത്തെ വയലിൽ കക്കൂസ് മാലിന്യം തള്ളിയനിലയിൽ
പെരിന്തൽമണ്ണ: മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം കക്കൂസ് മാലിന്യം തള്ളിയ നിലയിൽ. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്കാരാണ് നടത്തത്തിനിടയിൽ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ട് കക്കൂസ് മാലിന്യം തള്ളിയതാണെന്ന് കണ്ടെത്തിയത്. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് ചുറ്റും വയലാണ്.
ഈ വയലിലൂടെയാണ് ബസ് സ്റ്റാൻഡിലേക്ക് റോഡുള്ളത്. വിഷയത്തിൽ പ്രദേശവാസി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. സംശയം തോന്നിയ രണ്ടു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാലിന്യം തള്ളുന്നത് സംബന്ധിച്ച് പരാതികളുയരുന്നുണ്ടെങ്കിലും നടപടിയെടുക്കാനോ തടയാനോ നഗരസഭ ആരോഗ്യ വിഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പരാതി.
ഈ ഭാഗത്ത് പ്ലാസ്റ്റിക് സഞ്ചികളിൽ മാലിന്യം കൊണ്ടുവന്ന് വയലിൽ തള്ളുന്ന പതിവുണ്ട്. ഏതാനും ദിവസം മുമ്പ് ഇക്കാര്യം ‘മാധ്യമം’വാർത്ത നൽകിയിരുന്നു. കേരള മുനിസിപ്പൽ ആക്ടറ്റ് 340 പ്രകാരം മാലിന്യമോ വിസർജ്യ വസ്തുക്കളോ ഇത്തരത്തിൽ പൊതുഇടങ്ങളിൽ തള്ളിയാൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പ്രൊസിക്യൂഷൻ നടപടികളിലേക്ക് കടക്കണമെന്നും ആക്ട് 340 ബി പ്രകാരം ഇത്തരം കൃത്യത്തിലേർപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും നിർദേശിക്കുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം സംബന്ധിച്ച് പൊലീസും നഗരസഭയും പരിശോധന നടത്തുന്നുണ്ട്. പ്രദേശത്ത് സി.സി.ടി.വി സ്ഥാപിക്കണെമന്നും ഇത്തരം പ്രവണതകൾ നഗരസഭ മുൻകൈ എടുത്ത് തടയണമെന്നും പ്രദേശവാസികൾ പറഞ്ഞു.


