വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ; മന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ
text_fieldsപെരിന്തൽമണ്ണ: തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പി.പി. സുനീർ എം.പിക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ ഉറപ്പിൽ യാത്രക്കാർക്ക് പ്രതീക്ഷ. പുലർച്ച അഞ്ചോടെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12ന് ഷൊർണൂരിലെത്തുകയും ഉച്ചക്ക് രണ്ടിന് തിരിച്ച് തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്യുന്നതാണ് വേണാട് എക്സ്പ്രസിന്റെ സമയക്രമം. 24 കോച്ചുള്ളതാണ് ഈ ട്രയിൻ. എന്നാൽ, നിലമ്പൂരിലേക്ക് നീട്ടാൻ അധിക സൗകര്യങ്ങൾ ഒരുക്കേണ്ടിവരും. ഹാൾട്ടിങ് സ്റ്റേഷനിൽ ജല, ക്ലീനിങ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയെന്നതാണ് പ്രധാനം. അതേസമയം, വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടുന്ന കാര്യത്തിൽ ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ഡിവിഷൻ എ.ഡി.ആർ.എം അറിയിച്ചു.
രാത്രി 9.30ന് നിലമ്പൂരിൽനിന്ന് പുറപ്പെട്ട് പുലർച്ച അഞ്ചിന് കൊച്ചുവേളിയിലെത്തുന്ന രാജ്യറാണി എക്സ്പ്രസാണ് നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പാസഞ്ചർ എക്സ്പ്രസ്. എട്ട് സ്ലീപ്പർ കോച്ച്, ഒരു തേർഡ് എ.സി, ഒരു സെക്കൻഡ് എ.സി, രണ്ട് ജനറൽ കോച്ച് എന്നിവയാണ് നിലവിലുള്ളത്. ഇതിൽത്തന്നെ രണ്ട് സ്ലീപ്പർ കോച്ച് വെട്ടിക്കുറച്ച് ആറെണ്ണമാക്കുന്ന കാര്യം റെയിൽവേ ആലോചിച്ചിരുന്നെങ്കിലും പ്രതിഷേധമുയർന്നതോടെ പിൻവാങ്ങിയതാണ്. നിലമ്പൂരിൽനിന്ന് പുറപ്പെടുന്ന കോട്ടയം ട്രെയിന് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തതാണ് യാത്രക്കാരെ പ്രയാസത്തിലാക്കുന്ന കാര്യം. പരിഹാരം തേടി എം.പിമാരുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും മുമ്പിൽ യാത്രക്കാർ പല തവണ ചെന്നിട്ടും പരിഹാരമുണ്ടായിട്ടില്ല.