മെമു എത്തുമോ? ഷൊർണൂർ പാതയിൽ പ്രതീക്ഷ
text_fieldsപെരിന്തൽമണ്ണ: വൈദ്യുതീകരണം പൂർത്തിയായ നിലമ്പൂർ- ഷൊർണൂർ റെയിൽവേ പാതയിൽ പുതിയ സർവീസുകൾ കാത്ത് യാത്രക്കാർ.
കഴിഞ്ഞ ശനിയാഴ്ച മെമു ട്രയൽ റണ്ണിങ് നടത്തിയതോടെ പ്രതീക്ഷയേറി. എറണാകുളത്ത് നിന്ന് നിലമ്പൂരിലെത്തിയ ശേഷം കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന ക്രമമാണ് വരികയെന്നാണ് സൂചന. രാവിലെ മൂന്നിന് നിലമ്പൂരിൽ നിന്ന് പുറപ്പെടുകയും 4.15 ന് ഷൊർണൂരിലെത്തി അവിടെ നിന്ന് അഞ്ചിന് കണ്ണൂരിലേക്ക് പുറപ്പെടുകയും ചെയ്യുന്ന ക്രമമാണ് ആലോചനയിൽ. വൈകീട്ട് അഞ്ചിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 9.30 ന് ഷൊർണൂരിലും ശേഷം രാത്രി 11 ഓടെ നിലമ്പൂരിലുമെത്തുന്നതാണ് റെയിൽവേയുടെ പരിഗണനയിലുള്ള സമയക്രമം. 12 കോച്ചുള്ളതാണ് മെമു.
വേണാടിന് അസൗകര്യങ്ങൾ തടസ്സം
പെരിന്തൽമണ്ണ: തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ് പ്രസ് നിലമ്പൂർ വരെ നീട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പി.പി. സുനീർ എം.പിക്ക് ഉറപ്പ് നൽകിയെങ്കിലും കടമ്പകളേറെ.
പാതയിലെ സൗകര്യങ്ങൾ സംബന്ധിച്ച് നടത്തിയ പ്രാഥമിക പരിശോധനയും വിലയിരുത്തലും കഴിഞ്ഞശേഷം അത്ര ആശാവഹമല്ല കാര്യങ്ങൾ. പുലർച്ചെ അഞ്ചോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12 ന് ഷൊർണൂരിലെത്തി, ഉച്ചക്ക് രണ്ടിന് തിരിച്ച് തിരുവനന്തപുരത്തേക്ക് തിരിക്കുന്നതാണ് വേണാട് എക്സ്പ്രസിന്റെ സമയക്രമം.
നിലമ്പൂർ- ഷൊർണൂർ പാതയിൽ പുതുതായി രണ്ട് ക്രോസിങ് സ്റ്റേഷൻ നിർമാണം തുടങ്ങുകയും പാത വൈദ്യുതീകരിക്കുകയും സ്റ്റേഷനുകളിൽ പുതിയ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തതോടെ പുതിയ ട്രയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
22 കോച്ചുള്ളതാണ് വേണാട് എക്സ്പ്രസ്. നിലവിൽ 18 കോച്ചുള്ള രാജ്യറാണിയാണ് ഷൊർണൂർ- നിലമ്പൂർ പാതയിൽ സർവീസ് നടത്തുന്ന പരമാവധി കോച്ചുകളുള്ള പാസഞ്ചർ ട്രെയിൻ. വേണാട് നിലമ്പൂരിലേക്ക് നീട്ടാൻ അധികസൗകര്യങ്ങളൊരുക്കണം. ഹാൾട്ടിങ് സ്റ്റേഷനിൽ വെളളത്തിനും ക്ലീനിങ്ങിനുമുള്ള സൗകര്യമാണ് പ്രധാനം.
മേലാറ്റൂരിലും കുലുക്കല്ലൂരിലും ക്രോസിങ് സ്റ്റേഷൻ പ്രവൃത്തിക്ക് ഒന്നര വർഷമെങ്കിലും വേണ്ടിവരുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ നാല് ക്രോസിങ് സ്റ്റേഷനുകളാവും. ഇവിടങ്ങളിലൊന്നും 22 കോച്ചുള്ള പാസഞ്ചറിന് നിർത്തിയിടാൻ സൗകര്യമില്ല.
മേലാറ്റൂരിലും കുലുക്കല്ലൂരിലും നിലവിൽ 22 കോച്ചുകൾക്കുള്ളതാണ് ക്രോസിങ് സൗകര്യം.
ഇത് വർധിപ്പിച്ച ശേഷമേ കൂടുതൽ കോച്ചുകളുള്ള ട്രയിന് അനുമതി നൽകാനാവൂ. അങ്ങാടിപ്പുറം, മേലാറ്റൂർ, നിലമ്പൂർ തുടങ്ങിയ മിക്കയിടത്തും പ്ലാറ്റ്ഫോം വികസനമടക്കം നടപ്പാക്കിയെങ്കിലും പ്ലാറ്റ് ഫോമുകൾ നീളം കൂട്ടുകയോ വികസിപ്പിക്കുകയോ ചെയ്തിട്ടില്ല. രാജ്യറാണി എക്സ്പ്രസ് പോലെ 18 കോച്ചുകളുള്ള ട്രയിനുകളേ നിർത്തിയിടാൻ പറ്റൂ.
പാതയിലെ യാത്രാവണ്ടികളുടെ സമയക്രമവും വേണാട് എക്സ്പ്രസിനായി മാറ്റം വരുത്തേണ്ടി വരും. വേണാട് എക്സ്പ്രസിനായി വിശദമായ സാധ്യത പരിശോധന നടത്തിയിട്ടില്ലെന്ന് ഡിവിഷൻ അധികൃതർ പറഞ്ഞു.