ഹോട്ടലിൽ യുവാവിനെ മർദിച്ച കേസ്: ഒരാൾകൂടി പിടിയിൽ
text_fieldsഷംസുദ്ദീൻ
പെരുമ്പടപ്പ്: ഹോട്ടലിനുള്ളിൽ യുവാവിനെ മർദിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ആലുവ സ്വദേശി കാഞ്ഞിരക്കാട്ട് ഷംസുദ്ദീനെയാണ് (34) പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. രണ്ടാം പ്രതിയാണ് ഇയാൾ. എറണാകുളം എളക്കുന്ന പുഴയിൽ വെച്ചാണ് പിടികൂടിയത്. പെരുമ്പടപ്പ് സി.ഐ രമേശ്, എസ്.ഐ ശ്രീജിത്ത്, സീനിയർ സി.പി.ഒ സാൻ സോമൻ, സി.പി.ഒ പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വൈപ്പിൻ സ്വദേശി ഫൈസൽ (39), വെളിയങ്കോട് സ്വദേശി ശിഹാബുദ്ദീൻ (28), പുതുപൊന്നാനി സ്വദേശി അഫ്നാൻ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
രണ്ടു പ്രതികളെക്കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ 23നാണ് എരമംഗലത്തെ സ്വകാര്യ വ്യക്തിയുടെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെ അഞ്ചംഗ സംഘം ഹോട്ടലിനുള്ളിൽ ആയുധങ്ങളുമായി ഇർഫാനെ ആക്രമിച്ചത്. ഗുരുതരമായ പരിക്കേറ്റ ഇർഫാൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.