പുതിയിരുത്തി സ്വാമിപ്പടി-ആലുംതാഴം റോഡ്; വെള്ളക്കെട്ടിൽ
text_fieldsപുതിയിരുത്തി സ്വാമിപ്പടി-ആലുംതാഴം റോഡിലെ വെള്ളക്കെട്ട്
പെരുമ്പടപ്പ്: പെരുമ്പടപ്പ് പഞ്ചായത്തിലെ 18ാം വാർഡ് പുതിയിരുത്തി സ്വാമിപ്പടി-ആലുംതാഴം റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. റോഡിൽ മലിനജലം പരന്നൊഴുകുന്നതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. ചെറിയ മഴ പെയ്യുമ്പോൾ തന്നെ റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ്. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ഇത് വലിയ ഭീഷണിയാണ്.
വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുമെന്നതിനാൽ സ്കൂൾ വാഹനങ്ങൾ പോലും ഇതുവഴി വരുന്നില്ല. കുട്ടികളെ വഴിയിൽ ഇറക്കിവിടുകയാണ്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും വർഷങ്ങളായി ഈ സ്ഥിതി തുടരുകയാണ്. മഴ പെയ്താൽ പ്രദേശത്തുകൂടി വഴിനടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ക്യത്യമായ ഡ്രൈനേജ് സംവിധാനം ഇല്ലാത്തതും റോഡ് നിർമാണത്തിലെ അപാകതയും കാരണമാണ് ഈ ദുരിതമെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇതിന് 300 മീറ്റർ അടുത്തായി നിർമിച്ച ഡ്രൈനേജിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം ഉണ്ടാക്കിയാൽ ഒരുപരിധിവരെ പരിഹാരം കാണാൻ കഴിയും. അതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.