പൊന്നാനി കോൾപാടത്ത് ഇനി വൈദ്യുതി 'വിളയും'
text_fieldsപെരുമ്പടപ്പ് പഞ്ചായത്തിലെ പഴഞ്ചിറ കോൾപടവ് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി സന്ദർശിക്കുന്നു
പെരുമ്പടപ്പ്: സംസ്ഥാനതല പദ്ധതിയുടെ ഭാഗമായി പൊന്നാനി കോൾപ്പാടത്ത് Solar power ആരംഭിക്കുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. പെരുമ്പടപ്പ് പഞ്ചായത്തിലെ പഴഞ്ചിറ കോൾപടവ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയില്‍നിന്നും വൈദ്യുതിയില്‍ നിന്നും ഒരേ സമയം വരുമാനം ഉറപ്പാക്കി കർഷകർക്ക് ലാഭമൊരുക്കുകയാണ് ലക്ഷ്യം.
നേരത്തെ വ്യക്തികൾക്ക് മാത്രമായി അനുവദിച്ചിരുന്ന വൈദ്യുതി പദ്ധതി കോൾപടവ് കമ്മിറ്റികൾക്ക് കീഴിലാണ് ആരംഭിക്കുക. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ മൂന്ന് ലക്ഷം കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പിന്നീട് അത് അഞ്ച് ലക്ഷമായി ഉയരും. അറുപത് ശതമാനം സബ്സിഡി നിരക്കാണ് സൗരോർജ വൈദ്യുതിക്ക് നൽകുക.
കാര്‍ഷിക വിളകളില്‍ നിന്നുള്ള വരുമാനം മോശമായാലും വൈദ്യുതി ഉല്‍പ്പാദനം കൊണ്ട് കുറവ് നികത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നില്‍. ഇതിനായി കൃഷിയിടത്തിലെ പല ഭാഗങ്ങളിലും സോളാര്‍പാനല്‍ സ്‌ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇത് ഉപയോഗിച്ചുകൊണ്ട് കൃഷിയിടത്തിലെ ജലസേചന പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാം. സോളാർ വൈദ്യുതി കൃഷിയിടത്തിലെ ആവശ്യം കഴിഞ്ഞു ബാക്കി വരുന്നത് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് കൈമാറും. യൂണിറ്റിന് 3.90 രൂപയാണ് ഇതിനു ലഭിക്കുക. സൗരോർജത്തിൽ നിന്നും പൊന്നാനി കോൾ മേഖലയിലാകെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞാൽ വലിയ ലാഭമാണ് ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. പി. നന്ദകുമാർ എം.എൽ.എ, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു