പുതിയിരുത്തിയിലെ വെള്ളക്കെട്ടിന് പരിഹാരമില്ല; രണ്ടാം ദിനവും പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് നാട്ടുകാർ
text_fieldsപുതിയിരുത്തിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു
പെരുമ്പടപ്പ്: പാലപ്പെട്ടി ഒന്നാം വാർഡ് പുതിയിരുത്തിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിട്ടും വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികൾ യഥാസമയം നടക്കാത്തതിനെത്തുടർന്ന് തുടർച്ചയായി രണ്ടാം ദിനവും നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
വെള്ളക്കെട്ട് ദുരിത ബാധിതരായ പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് പെരുമ്പടപ്പ് പഞ്ചായത്ത് സെക്രട്ടറി ടി.എം. അമ്പിളിയെ ഉപരോധിച്ചത്.
പ്രശ്ന പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച അഞ്ച് മണിക്കൂർ ഉപരോധിച്ചിരുന്നു. ശനിയാഴ്ച തന്നെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന ഉറപ്പ് ലംഘിച്ചതോടെയാണ് നാട്ടുകാർ വീണ്ടും ഉപരോധവുമായി രംഗത്തെത്തിയത്. തുടർന്ന് ഞായറാഴ്ച പരിഹാരം കാണുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പഞ്ചായത്തിലെ പുതിയിരുത്തിയിലെ 50 വീടുകൾക്ക് ചുറ്റും മഴ പെയ്തതിനെ തുടർന്ന് വെള്ളക്കെട്ട് തുടരുകയാണ്. പഞ്ചായത്ത് സെക്രട്ടറിയുടെയും പൊന്നാനി തഹസിൽദാറുടെയും കത്ത് പ്രകാരം ജില്ല ഭരണകൂടം വെള്ളക്കെട്ട് വേഗത്തിൽ ഒഴിവാക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ശനിയാഴ്ച നടന്ന ഭരണസമിതി യോഗത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനമെടുത്തു. മണ്ണുമാന്തി ഉപയോഗിച്ച് താൽക്കാലികമായി വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.