തെരുവുനായ് ശല്യം; പോർട്ടബിൾ എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങാൻ ആലോചന
text_fieldsമലപ്പുറം: ജില്ലയിൽ സ്ഥിരം അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രങ്ങൾ വരുന്നതിന് മുമ്പ് പോർട്ടബിൾ (മൊബൈൽ) എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങുന്നതിന് ആലോചന. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മൃഗ സംരക്ഷണ വകുപ്പ് പ്രാഥമിക റിപ്പോർട്ട് നൽകും.
വിഷയത്തിൽ നേരത്തെ ജില്ലയിലെ സാഹചര്യങ്ങൾ അറിയിക്കണമെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ജില്ലയിൽ സ്ഥിരം എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് നിരവധി കടമ്പകൾ പൂർത്തീകരിക്കാനുണ്ട്. താരതമ്യേന വേഗത്തിൽ നടപ്പാക്കാൻ സാധിക്കുന്നതാണ് പോർട്ടബിൾ സംവിധാനം. ഒഴിഞ്ഞ കെട്ടിടങ്ങളോ അനുബന്ധ സൗകര്യങ്ങളോ പ്രയോജനപ്പെടുത്തിയാകും പോർട്ടബിൾ കേന്ദ്രങ്ങൾ പരിഗണിക്കുക.
പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകുന്ന റിപ്പോർട്ടിൽ അനുകൂല തീരുമാനമുണ്ടാകുന്ന മുറക്ക് ജില്ലയിൽ തുടർനടപടി ആരംഭിച്ചേക്കും. നിലവിൽ ഒരു പോർട്ടബിൾ യൂനിറ്റിന് ഏകദേശം 28 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്ഥിരം എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ എൽ.എസ്.ജി.ഡി അസി. ഡയറക്ടർ, ജില്ല മൃഗ സംരക്ഷണ ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ ജില്ല കലക്ടറുമായി വീണ്ടും കൂടിയാലോചന നടത്തും.
മങ്കട, ചീക്കോട് എന്നിവിടങ്ങളിലെ സ്ഥലങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കലക്ടറുമായി ചർച്ച ചെയ്യും. മങ്കടയിലെ ഭൂമി പദ്ധതിക്ക് ലഭിച്ചാൽ ഗുണകരമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചീക്കോടിലെ ഭൂമിയിലേക്ക് വഴിയൊരുക്കിയാൽ ഈ ഭൂമിയും വിനിയോഗിക്കാം. ഇക്കാര്യത്തിൽ കലക്ടറുടെ കൂടിക്കാഴ്ചക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമാകു.
നിലവിൽ എ.ബി.സി കേന്ദ്രമില്ലാത്ത ജില്ലയാണ് മലപ്പുറം. ഏറെക്കാലമായി അനുയോജ്യമായ സ്ഥലത്തിന് വേണ്ടി തദ്ദേശ വകുപ്പും മൃഗ സംരക്ഷണ വകുപ്പും ശ്രമം നടത്തിയിരുന്നെങ്കിലും സാങ്കേതികത്വവും പ്രാദേശിക എതിർപ്പുകളും കാരണം എങ്ങുമെത്താതെ നീളുകയായിരുന്നു.
ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലും എ.ബി.സി കേന്ദ്രം തുടങ്ങാൻ 2022 ഒക്ടോബറിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചിരുന്നു.
മൃഗാശുപത്രി പരിധികളിലെ തദ്ദേശ സ്ഥാപനങ്ങളോട് അന്തിമ തീരുമാനമെടുക്കാൻ നിർദേശിച്ചിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. വണ്ടൂർ, ഊരകം, മൂർക്കനാട് ഗ്രാമപഞ്ചായത്തുകളിൽ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജില്ല മൃഗസംരക്ഷണ വകുപ്പ് നീക്കം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല.
തെരുവുനായ്ക്കളെ കൂട്ടത്തോടെ ഒരിടത്തേക്ക് കൊണ്ടുവരുന്നത് ജനങ്ങളുടെ എതിർപ്പിന് കാരണമാകുമോ എന്ന തദ്ദേശ സ്ഥാപനങ്ങളുടെ ആശങ്കയാണ് പ്രശ്നം. 94 ഗ്രാമപഞ്ചായത്തുകളും 12 നഗരസഭകളുമുള്ള മലപ്പുറത്ത് ഒരു സ്ഥിരം എ.ബി.സി കേന്ദ്രത്തിന് പകരം നാലോ അതിലധിമോ എണ്ണം ഉണ്ടെങ്കിൽ മാത്രമേ കാര്യക്ഷമമായി പ്രവർത്തനം സാധ്യമാകൂവെന്നാണ് തദ്ദേശ വകുപ്പ് വിലയിരുത്തൽ. ഇതിന് അനുബന്ധമായി മൊബൈൽ യൂനിറ്റും ഗുണകരമാകും.