കൊട്ടിക്കലാശം വാർഡുകൾ കേന്ദ്രീകരിച്ച്
text_fieldsപുല്ലൂരിൽ നടന്ന കൊട്ടിക്കലാശം
തിരൂർ: പൊലീസ് പരിധിയിൽ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കി മുന്നണികളും പാർട്ടികളും. എന്നാൽ, തിരൂർ നഗരസഭയിലെയും വിവിധ പഞ്ചായത്തുകളിലെയും വാർഡുകൾ കേന്ദ്രീകരിച്ച് കൊട്ടിക്കലാശം നടന്നു. പൊതുവെ സമാധാനപരമായിരുന്നു കൊട്ടിക്കലാശം. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലാവും സ്ഥാനാർഥികളും പാർട്ടികളും.
തിരൂർ നഗരസഭയിൽ യു.ഡി.എഫ് ഭരണം നിലനിർത്താനാവുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, ഭരണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. നഗരസഭയിൽ 41 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ ഭരണം നിലനിർത്തുകായെന്ന ലക്ഷ്യവുമായി എൽ.ഡി.എഫും കഴിഞ്ഞ രണ്ടുതവണ നഷ്ടമായ ഭരണം തിരികെ പിടിക്കുകയെന്ന മോഹവുമായി യു.ഡി.എഫും അവസാനഘട്ട പ്രചാരണത്തിലാണ്.
ഇടതു ശക്തി കേന്ദ്രമായിരുന്ന പുറത്തൂർ പഞ്ചായത്തിൽ ഇത്തവണ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ഗോദയിലിറങ്ങുന്നതെങ്കിൽ വെട്ടം പഞ്ചായത്ത് ഭരണം നിലനിർത്തുമെന്ന ശുഭപ്രതീക്ഷയിലാണ് എൽ.ഡി.എഫ്. തിരുനാവായ, മംഗലം പഞ്ചായത്തുകളിൽ ഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. തലക്കാട്, തൃപ്രങ്ങോട് പഞ്ചായത്തുകളിൽ ഭരണം നിലനിർത്തുമെന്ന ശുഭപ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
തിരൂർ ബ്ലോക്കിന്റെ കീഴിലുള്ള ആറ് പഞ്ചായത്തുകളിൽ ഏറ്റവും വാശിയേറിയ പോരാട്ടമാണ് വെട്ടം, പുറത്തൂർ പഞ്ചായത്തുകളിലേത്. തിരൂർ നഗരസഭയിലും തിരൂർ ബ്ലോക്കിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളിലും ചില വാർഡുകളിൽ ഇത്തവണ യു.ഡി.എഫ്, എൽ.ഡി.എഫ് എന്നീ മുന്നണികൾക്കു പുറമെ ത്രികോണ മത്സരവുമായി ബി.ജെ.പിയും എസ്.ഡി.പി.ഐയും യു.ഡി.എഫ് സഹകരണമില്ലാത്ത സ്ഥലങ്ങളിൽ വെൽഫെയർ പാർട്ടിയും രംഗത്തുണ്ട്.


