Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനി മറൈൻ മ്യൂസിയം...

പൊന്നാനി മറൈൻ മ്യൂസിയം പാതിവഴിയിൽ: 5.30 കോടി ചെലവഴിച്ചിട്ടും കെട്ടിടം മാത്രം; അന്തർദേശീയ ടൂറിസം പദ്ധതി അനിശ്ചിതത്വത്തിൽ

text_fields
bookmark_border
പൊന്നാനി മറൈൻ മ്യൂസിയം പാതിവഴിയിൽ: 5.30 കോടി ചെലവഴിച്ചിട്ടും കെട്ടിടം മാത്രം; അന്തർദേശീയ ടൂറിസം പദ്ധതി അനിശ്ചിതത്വത്തിൽ
cancel

പൊന്നാനി: അന്തർദേശീയ നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമായി പൊന്നാനിയെ ഉയർത്തുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച മറൈൻ മ്യൂസിയം പദ്ധതി വർഷങ്ങൾ പിന്നിട്ടിട്ടും പ്രതിസന്ധിയിൽ. ആദ്യഘട്ട നിർമാണത്തിന് 5.30 കോടി രൂപ ചെലവഴിച്ച പദ്ധതിയുടെ പൂർത്തീകരണത്തിന് ഇനിയും 18 കോടിയോളം രൂപ ആവശ്യമാണ്. വൻതുക ചെലവഴിച്ച് നിർമിച്ച കെട്ടിടം പോലും പ്രയോജനപ്പെടുത്താനാകാത്ത സാഹചര്യത്തിൽ, ആസൂത്രണത്തിൽ ഗുരുതര വീഴ്ചകളുണ്ടായെന്ന വിമർശനം ശക്തമാകുകയാണ്.

സിംഗപ്പൂരിലെ യൂണിവേഴ്സൽ സ്റ്റുഡിയോയുടെ മാതൃകയിൽ ടൂറിസം വകുപ്പിന് കീഴിൽ വിഭാവനം ചെയ്ത പദ്ധതി ഭാരതപ്പുഴയോരത്ത് നിള കലാഗ്രാമത്തിന് സമീപമാണ് ആരംഭിച്ചത്. 2016ൽ നിർമാണം തുടങ്ങിയ ആദ്യഘട്ടത്തിനായി 4.30 കോടി രൂപ ടൂറിസം വകുപ്പും ഒരു കോടി രൂപ എം.പി ഫണ്ടിൽനിന്നും അനുവദിച്ചു. എന്നാൽ, ഇത്രയും തുക ചെലവഴിച്ചിട്ടും മ്യൂസിയത്തിന്റെ അടിസ്ഥാന കെട്ടിടം മാത്രമാണ് യാഥാർഥ്യമായത്. പദ്ധതിയുടെ യഥാർഥ ആകർഷണങ്ങളായ പ്രദർശന സംവിധാനങ്ങൾ, അക്വേറിയം, ത്രീഡി സാങ്കേതികവിദ്യ തുടങ്ങിയവയൊന്നും സജ്ജീകരിക്കാനായില്ല.

പദ്ധതിയുടെ രൂപരേഖയിൽ പലതവണ മാറ്റം

വിവിധ ഘട്ടങ്ങളിൽ രൂപരേഖയിൽ വരുത്തിയ മാറ്റങ്ങളാണ് നിർമാണം വൈകുന്നതിന് പ്രധാന കാരണങ്ങളിലൊന്ന്. തുടക്കത്തിൽ വിഭാവനം ചെയ്ത പദ്ധതിയും പിന്നീട് തയാറാക്കിയ വിശദമായ പദ്ധതിരേഖകളും തമ്മിലുള്ള മാറ്റങ്ങൾ തുടർനടപടികളെ ബാധിച്ചു. രണ്ടാംഘട്ടത്തിന്റെയും മൂന്നാംഘട്ടത്തിന്റെയും പദ്ധതിരേഖകൾ (ഡി.പി.ആർ) സമർപ്പിച്ചിരുന്നെങ്കിലും ആവശ്യമായ ഭീമമായ തുക കണ്ടെത്താൻ കഴിയാത്തതിനാൽ തുടർനിർമാണം മുന്നോട്ടുപോയില്ല. പദ്ധതിയുടെ വിവിധ ഘട്ടങ്ങൾക്കായി എത്ര തുക ആവശ്യമാണ്, എപ്പോൾ പൂർത്തിയാക്കാനാകും, തുടർനിർമാണത്തിന് ആവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്തും തുടങ്ങിയ കാര്യങ്ങളിൽ തുടക്കം മുതൽ വ്യക്തതയുണ്ടായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ത്രീഡി അക്വേറിയം പ്രധാന ആകർഷണം

ത്രീഡി ദൃശ്യസാങ്കേതികവിദ്യയുടെ സഹായത്തോടെ കടലിനടിയിലെ കാഴ്ചകളും ജലജീവികളുടെ സാന്നിധ്യവും സന്ദർശകർക്ക് നേരിട്ട് അനുഭവപ്പെടുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തത്.

ത്രീഡി സെൻസർ സംവിധാനത്തോടുകൂടിയ രാജ്യത്തെ ആദ്യ മ്യൂസിയമെന്ന പ്രത്യേകതയും പദ്ധതിക്ക് അവകാശപ്പെട്ടിരുന്നു. തത്സമയ അക്വേറിയം ഉൾപ്പെടെ കായലുകളിലെയും കടലിലെയും അപൂർവ ജലജീവികളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും കഴിയുന്ന രീതിയിലായിരുന്നു ഇതിന്റെ രൂപകൽപ്പന.

കരാർ തർക്കത്തിൽ നിർമാണം നിലച്ചു

കെട്ടിടത്തിന്റെ നിർമാണം മുക്കാൽ ഭാസഗത്തോളം പൂർത്തിയായെന്നാണ് വിവരം. എന്നാൽ കരാർ തുക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണം തുടർപ്രവർത്തനങ്ങൾ ഇപ്പോൾ നിലച്ചിരിക്കുകയാണ്. നിർമാണച്ചെലവ് വർധിച്ചതും തുടർപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക അനുമതികൾ ലഭിക്കാത്തതും പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ തടസ്സമായി മാറി.

മ്യൂസിയത്തിന് പകരം ഗവേഷണ കേന്ദ്രമോ?

പദ്ധതി ഇനിയും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നിലവിലെ കെട്ടിടം ഫിഷറീസ് സർവകലാശാലയുടെ ഗവേഷണ കേന്ദ്രമാക്കി മാറ്റാനുള്ള ആലോചന ഉയർന്നത്. ഇതിനായി സർവകലാശാല താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമാകുന്നതിൽ തടസ്സങ്ങളുണ്ടെന്നാണ് അറിയുന്നത്. കെട്ടിടം മറ്റൊരു ആവശ്യത്തിനായി കൈമാറുന്നതിന്റെ സാമ്പത്തിക, ഭരണപരമായ നടപടികളിൽ വ്യക്തത വരേണ്ടതുണ്ട്.

ടൂറിസം ഹബ്ബെന്ന പ്രഖ്യാപനം എവിടെയെത്തി?

ഭാരതപ്പുഴയോരത്ത് മറൈൻ മ്യൂസിയവും നിള കലാഗ്രാമവും ഒരേ കോമ്പൗണ്ടിൽ ഒരുക്കി പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും വികസനം യാഥാർഥ്യമായില്ല. പദ്ധതി ആവിഷ്കരിച്ചപ്പോൾ തന്നെ സമഗ്രമായ സാമ്പത്തിക ആസൂത്രണവും സമയബന്ധിതമായ നിർവഹണവും ഉറപ്പാക്കിയിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു.

പദ്ധതിയുടെ എസ്റ്റിമേറ്റ്, വിവിധ ഘട്ടങ്ങളിലെ ഡി.പി.ആർ, രൂപരേഖയിൽ വരുത്തിയ മാറ്റങ്ങൾ, കരാർ തുക വർധിപ്പിക്കാനുള്ള സാഹചര്യം, ഇതുവരെ ചെലവഴിച്ച തുക, ഇനി ആവശ്യമായ ഫണ്ട് എന്നിവ സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്ന ആവശ്യവും ഉയരുകയാണ്.

പൊന്നാനിയുടെ ടൂറിസം ഭൂപടത്തിൽ രാജ്യാന്തര ശ്രദ്ധ നേടേണ്ടിയിരുന്ന ഒരു പദ്ധതി ഇന്ന് പൂർത്തിയാകാത്ത കെട്ടിടമായി അവശേഷിക്കുകയാണ്. ടൂറിസം വികസനത്തിന്റെ പേരിൽ ആരംഭിച്ച പദ്ധതി ഒടുവിൽ പൊതുഖജനാവിന് ബാധ്യതയായൊരു സ്മാരക മന്ദിരമായി മാറുമോ എന്ന ആശങ്കയിലാണ് പൊന്നാനി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Ponnani Marine Museum Malappuram News 
News Summary - Ponnani Marine Museum
Next Story