ബിയ്യം കായൽ ജലോത്സവം; ‘പറക്കും കുതിര’ ജലരാജാവ്
text_fieldsപൊന്നാനി ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ ചാമ്പ്യൻമാരായ ‘പറക്കുംകുതിര’
പൊന്നാനി: ബിയ്യം കായലിന്റെ ഓളപ്പരപ്പുകൾക്ക് നിറച്ചാർത്ത് നൽകി അണിയത്തും അമരത്തും നിന്ന തുഴച്ചിൽകാർ ആവേശം പകർന്നതോടെ കായലിൽ ഒരേ താളത്തിൽ 20 തുഴകൾ ഒന്നിച്ച് വീണപ്പോൾ കാഞ്ഞിരമുക്ക് ന്യൂ ടൂറിസ്റ്റ് ആർട്സ് ആൻഡ് സ്പോട്സ് ക്ലബിന്റെ ‘പറക്കുംകുതിര’ ബിയ്യം കായലിന്റെ രാജാക്കൻമാരായി.
പുളിക്കകടവ് ന്യൂ ക്ലാസിക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ‘മണി കൊമ്പൻ’ മൂന്നാം സ്ഥാനം നേടിയ കാഞ്ഞിരമുക്ക് ‘ജലറാണി’യുമായി ഇഞ്ചോടിഞ്ച് പോരാടി രണ്ടാം സ്ഥാനം നേടി. മൈനർ വിഭാഗത്തിൽ കടവനാട് ആരോഹ ക്ലബിന്റെ ‘മിഖായേൽ’ ഒന്നാം സ്ഥാനം നേടി കിരീടത്തിൽ മുത്തമിട്ടു. കടവനാട് ‘വീരപുത്രൻ’ രണ്ടാം സ്ഥാനവും പള്ളിപടി ജൂനിയർ ‘കായൽ കുതിര’ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചതയം നാളിൽ ജല വീരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ തടിച്ചുകൂടിയ പുരുഷാരത്തെ സാക്ഷിനിർത്തിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മേജർ വിഭാഗത്തിൽ ‘പറക്കും കുതിര’യും മൈനർ വിഭാഗത്തിൽ ‘മിഖായേലും’ വിജയ തീരമണഞ്ഞത്. മേജർ മൈനർ വിഭാഗങ്ങളിലായി 22 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം, കാഞ്ഞിരമുക്ക്, പുറത്തൂര്‍, പുഴമ്പ്രം, എരിക്കമണ്ണ, പുളിക്കക്കടവ്, പത്തായി സെന്റര്‍ എന്നിവടങ്ങളില്‍ നിന്നായി മേജര്‍ വള്ളങ്ങളും മൈനര്‍ വള്ളങ്ങളുമാണ് മത്സരിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസം വാരാഘോഷ ഭാഗമായ വള്ളംകളി മാറ്റിയിരുന്നു.
എന്നാൽ ക്ലബുകളുടെ ആവശ്യത്തെത്തുടർന്ന് ബോട്ട് റേസിങ് കമ്മിറ്റി വള്ളംകളി നടത്തുകയായിരുന്നു. പി. നന്ദകുമാർ എം.എൽ.എ, പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അഡ്വ. ഇ.സിന്ധു, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ഡി.ടി.പി.സി അംഗം പി.വി. അയ്യൂബ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.