പൊന്നാനിയിലെ ഫിഷറീസ് കോളജ് സ്വപ്നമായി അവശേഷിക്കുന്നു
text_fieldsപൊന്നാനി: പുതിയ തൊഴിൽ സാധ്യതകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പൊന്നാനിയിൽ ഫിഷറീസ് കോളജ് തുടങ്ങാനുള്ള നീക്കവും പാളി. പദ്ധതിക്കായി യൂനിവേഴ്സിറ്റി അംഗീകാരം ലഭിച്ചെങ്കിലും ആവശ്യമായ അഞ്ചേക്കർ ലഭ്യമല്ലാത്തതിനാൽ ഫിഷറീസ് കോളജ് നിർമിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായി. കൊച്ചിയിലെ കേരള യൂനിവേഴ്സിറ്റി ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് കീഴിലാണ് കോളജ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്.
ഇതിനായി യൂനിവേഴ്സിറ്റിയുടെ അംഗീകാരവും ലഭ്യമായിരുന്നു. നിലവിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ പൊന്നാനി എം.ഇ.എസ് കോളജിലും കൊടുങ്ങല്ലൂർ അസ്മാബി കോളജിലും അക്വാകൾചർ ഫിഷറീസ് കോഴ്സുകൾ മാത്രമാണുള്ളത്.
നിരവധി സാധ്യതകളുടെ ഒട്ടേറെ കോഴ്സുകൾക്കുള്ള സാധ്യതയാണ് ഇല്ലാതായത്. ഇതോടൊപ്പം ഹൈഡ്രോ ഗ്രാഫിക് മലബാർ മേഖല ഓഫിസും പൊന്നാനിയിൽ സ്ഥാപിക്കാനുള്ള നടപടികളും നിലച്ച മട്ടാണ്. ഹൈഡ്രോ ഗ്രാഫിക് പഠനം, കടൽ, കായൽ, പുഴ എന്നിവിടങ്ങളിലെ ഡ്രഡ്ജിങ് തുടങ്ങിയവ നടത്താനുള്ള ഹൈഡ്രോ ഗ്രാഫിക് മേഖല ഓഫിസിന്റെയും സാധ്യത അടഞ്ഞു.
എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളുടെ പരിധിയിലായുള്ള മധ്യമേഖല ഓഫിസാണ് പ്രഖ്യാപനത്തിൽ ഒതുങ്ങിയത്. ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ വിവിധ കോഴ്സുകളും ആരംഭിക്കാനാവും. ഹൈഡ്രോ ഗ്രാഫിക് മോഡേൺ സർവേ, ക്വാൺഡിറ്റി സർവേ, ഡൈവിങ് പരിശീലനം ഉൾപ്പെടെയുള്ള കോഴ്സുകളാണ് സർവകലാശാലക്ക് കീഴിലുണ്ടാവുക. എന്നാൽ, ഇതൊന്നും യാഥാർഥ്യത്തിലേക്ക് അടുത്തിട്ടില്ല.