പൊന്നാനിക്ക് നഷ്ടമായത് പ്രിയ വിദ്യാർഥിയെ
text_fieldsപൊന്നാനി: ഹൈദരലി തങ്ങളുടെ വിയോഗത്തോടെ പൊന്നാനിക്ക് നഷ്ടമായത് പ്രിയപ്പെട്ട വിദ്യാർഥിയെ. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അറബിക് കോളജുകളിലൊന്നായ പൊന്നാനി മഊനത്തുൽ ഇസ്ലാം അറബിക് കോളജിലാണ് തങ്ങൾ പഠിച്ചിരുന്നത്. 1959ൽ പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ സ്ഥാപിച്ച ഈ കോളജിൽ 1960 ലാണ് തങ്ങൾ വിദ്യാർഥിയായി എത്തിയത്. തിരുനാവായക്കടുത്ത് കോന്നല്ലൂരിൽ മൂന്ന് വർഷം ദർസ് പഠനം നടത്തിയ ശേഷമാണ് പൊന്നാനി എം.ഐ അറബിക് കോളജിൽ പഠിക്കാനെത്തിയത്. അക്കാലത്ത് കോളജ് വലിയ ജുമ മസ്ജിദിനടുത്തുള്ള മഊനത്തുൽ ഇസ്ലാം സഭ അങ്കണത്തിലായിരുന്ന. പിന്നീട് 1989 ൽ പുതുപൊന്നാനി എം.ഐ അനാഥശാല അങ്കണത്തിലേക്ക് മാറ്റുകയായിരുന്നു.
കോളജിലെ ഏറ്റവും മിടുക്കനായ വിദ്യാർഥിയായിരുന്നു തങ്ങൾ. സമസ്ത നേതാക്കളായിരുന്ന കെ. ഉണ്ണീദുഫൈസി, പുറങ്ങ് അബ്ദുല്ല മുസ്ലിയാർ എന്നിവരടക്കം ഹൈദരലി തങ്ങളുടെ സതീർഥ്യരായിരുന്നു. അഞ്ച് വർഷത്തോളമാണ് ഇവിടെ പഠിച്ചത്. സമസ്തയുടെ പ്രധാന നേതാക്കളിലൊരാളായ കരുവാരകുണ്ട് കെ.കെ. അബ്ദുല്ല മുസ്ലിയാരായിരുന്നു അക്കാലത്തെ പ്രിൻസിപ്പൽ. പൊന്നാനി കോളജിലെ പഠനശേഷം പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജിൽ ചേർന്ന് ഫൈസി ബിരുദം കരസ്ഥമാക്കി. പാണക്കാട് കുടുംബത്തിൽ പൊന്നാനിയുമായി ഏറെ ഹൃദയബന്ധം സൂക്ഷിച്ചിരുന്നത് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. മഊനത്തുൽ ഇസ്ലാം സഭയുടെ മാനേജർ കൂടിയായിരുന്നു അദ്ദേഹം.