പൊന്നാനി താലൂക്കിൽ 500 ലധികം കുടുംബങ്ങൾക്ക് പട്ടയം
text_fieldsപൊന്നാനി താലൂക്കിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് പി. നന്ദകുമാർ എം.എൽ.എ വിളിച്ചുചേർത്ത റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം
പൊന്നാനി: പതിറ്റാണ്ടുകളായി പുഴ പുറമ്പോക്കിലും മിച്ച ഭൂമിയിലും താമസിക്കുന്ന പൊന്നാനി താലൂക്ക് പരിധിയിലെ കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കാൻ തീരുമാനം. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് പി. നന്ദകുമാർ എം.എൽ.എ വിളിച്ചു ചേർത്ത റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ഭാരതപ്പുഴയോരത്തെ പുഴ പുറമ്പോക്ക് പരിധിയിലെ 126 കുടുംബങ്ങൾ, പൊന്നാനി പൊലീസ് സ്റ്റേഷൻ പരിധിയിലെ 17 മിച്ച ഭൂമി പട്ടയങ്ങൾ, വെളിയങ്കോട് ശ്രീലങ്കൻ നഗറിൽ 16, സുനാമി നഗറിൽ 39, ആലങ്കോട്, നന്നംമുക്ക് പരിധിയിൽ നൂറോളം പട്ടയങ്ങൾ എന്നിവക്ക് പുറമെ പൊന്നാനി താലൂക്ക് പരിധിയിലെ പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് പരിധിയിലെ കടൽ പുറമ്പോക്ക് ഭൂമികൾ എന്നിവക്കാണ് പട്ടയം അനുവദിക്കാൻ ധാരണയായത്.
വെളിയങ്കോട് പഞ്ചായത്തിലെ ഭൂമി പഞ്ചായത്തിന്റെ അധീനതയിലാണ് ഉള്ളത്. ഇത് റവന്യൂ വിഭാഗത്തിന് വിട്ടുനൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒക്ടോബറിൽ നടക്കുന്ന പട്ടയ മേളയിൽ പട്ടയം നൽകാനാണ് തീരുമാനം. അതേസമയം കടൽ പുറമ്പോക്ക് ഭൂമിയിൽ പട്ടയം അനുവദിക്കുന്നതിന് മുന്നോടിയായുള്ള സർവേക്ക് തുടക്കം കുറിക്കും. സർവേ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിക്കുക. ഇതോടൊപ്പം തീരദേശ മേഖലയിലെ ഡിജിറ്റൽ സർവേയും നടക്കും.