പച്ചത്തുരുത്തിൽ മാതൃകയായി എം.ഇ.എസ്
text_fieldsപൊന്നാനി: പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ മാതൃക പച്ചത്തുരുത്ത് ശ്രദ്ധയാകർഷിക്കുന്നു. സ്കൂളിന് മുൻവശത്തെ തരിശായ കിടന്ന മണൽ പരപ്പിലാണ് വൈവിധ്യമാർന്ന സസ്യങ്ങൾക്കും ചെറുജീവികൾക്കും ശലഭങ്ങളുമുൾപ്പെടെ ഇടമൊരുക്കിയത്.
നേരത്തെ ചളിക്കുണ്ടായി കിടന്നിരുന്ന ഇടം മണ്ണിട്ട് ഉയർത്തി തണൽ മരങ്ങളും അലങ്കാര ചെടികളും പുല്ലും നട്ടുവളർത്തിയതോടെ കിളികളും ചെറുജീവികളും മയിലുകളുമുൾപ്പെടെ നിത്യസന്ദർശകരായി. വിശാലമായ ഇടത്ത് രാമകൃഷി കൂടി നടക്കുന്നുണ്ട്.
യഥേഷ്ടം തണൽ മരങ്ങൾ കൂടി സ്കൂൾ കോമ്പൗണ്ടിൽ ഉള്ളതിനാൽ തണലും കുട്ടികൾക്ക് മാനസിക ഉല്ലാസവും പ്രദാനം ചെയ്യുന്നു. സ്കൂളിലെ എൻ.ജി.സി ക്ലബ്, എൻ.എസ്. എസ്, റേഞ്ചർ ആൻഡ് റോവേഴ്സ്, ഗൈഡ്സ്, എൻ.സി.സി എന്നിവർ ചേർന്നാണ് പച്ചത്തുരുത്തിന്റെ പരിപാലനം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും പൂർണ സഹകരണത്തിലാണ് കൺകുളിർക്കുന്ന പച്ചത്തുരുത്ത് സാധ്യമാക്കിയത്.
ജില്ലയിലെ മികച്ച വിദ്യാലയ പച്ചത്തുരുത്താണിതെന്ന് സ്കൂൾ സന്ദർശിച്ച ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. സീമ പറഞ്ഞു. ജില്ല ടെക്നിക്കൽ അസിസ്റ്റന്റ് ഹരിപ്രസാദ്, ബ്ലോക്ക് റിസോഴ്സസ് പേഴ്സൺ ഉമ്മുക്കുൽസു എന്നിവരടങ്ങിയ സംഘമാണ് പച്ചത്തുരുത്ത് സന്ദർശിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ കെ.വി. സുധീഷ്, അധ്യാപകരായ കെ. ബിനീഷ്, സി.ഡി. മിനി, ശ്രീകല എന്നിവർ സംഘത്തിന് പച്ചത്തുരുത്തിനെക്കുറിച്ച് വിശദീകരിച്ചു.


