മർദനമേറ്റ് യുവാവിന്റെ മരണം; സുഹൃത്ത് അറസ്റ്റിൽ
text_fieldsമനാഫ്
പൊന്നാനി: പൊന്നാനിയിൽ മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തായ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കാടി ബംഗ്ലാവ് സ്വദേശി പറമ്പിൽ മനാഫാണ് (33) അറസ്റ്റിലായത്. കഴിഞ്ഞ 16ന് രാത്രിയാണ് സംഭവം.
മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കബീറിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
കഴുത്തിൽ പരിക്കേറ്റ കബീറിന് ചലനശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. കബഡി കളിക്കിടെ പരിക്കേറ്റതാണെന്നാണ് കബീറിന്റെ ഉറ്റ സുഹൃത്തും കേസിലെ മുഖ്യപ്രതിയുമായ പറമ്പിൽ മനാഫും മെഡിക്കൽ കോളജിൽ ഡോക്ടറോട് പറഞ്ഞത്.
ചികിത്സയിൽ ഇരിക്കെ കബീർ മരണപ്പെട്ടത്തോടെയാണ് പരിക്ക് അടിപിടിയെ തുടർന്നുണ്ടായതാണെന്ന വിവരം പുറത്തു വരുന്നത്. പരിക്ക് ഗുരുതരമാണെന്ന് അറിഞ്ഞതോടെ മനാഫും മറ്റ് സുഹൃത്തുക്കളും ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിളിൽ പോയ മുഖ്യ പ്രതി മനാഫിനെ വൈക്കം പൊലീസിന്റെ സഹായത്തോടെ വൈക്കം മാനാത്ത്കാവിലുള്ള പെൺ സുഹൃത്തിന്റെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ്, തിരൂർ ഡിവൈ.എസ്പി ഇ. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എസ്.ഐമാരായ ആനന്ദ്, അനിൽ, വിനോദ്, എ.എസ്.ഐ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ, അഷ്റഫ്, നാസർ, പ്രശാന്ത്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, രഞ്ജിത്ത്, കൃപേഷ്, തിരൂർ ഡൻസാഫ് അംഗങ്ങളായ എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ ജയപ്രകാശ്, രാജേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.