ഓപറേഷൻ സീറോ റാബിസ് പദ്ധതി താളം തെറ്റി; പൊന്നാനിയിൽ ആര് നിയന്ത്രിക്കും തെരുവുനായ്ക്കളെ ?
text_fieldsപൊന്നാനിയിൽ തെരുവുനായ്ക്കൾ യുവാവിനെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യം
പൊന്നാനി: തെരുവുനായ്ക്കളെ നിയന്ത്രിക്കുമെന്നും കുത്തിവെപ്പ് നടത്തിയെന്നുമുള്ള നഗരസഭാധികൃതരുടെ പ്രഖ്യാപനത്തിനിടയിലും പേ വിഷബാധയുള്ള നായ്ക്കളുൾപ്പെടെ പൊന്നാനി നഗരത്തിൽ വിലസുന്നു. കൊട്ടിഘോഷിച്ച് നഗരസഭ നടത്തിയ ഓപറേഷൻ സീറോ റാബിസ് പദ്ധതിയും പ്രഹസനമായി. പൊന്നാനിയിൽ കഴിഞ്ഞ ദിവസം യുവാവിന് നേരെ ചീറിയടുത്തത് കൂട്ടമായി എത്തിയ പത്തോളം തെരുവുനായ്ക്കൾ.
പൊന്നാനി ഐ.ടി.സി റോഡ് സ്വദേശിയും താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിലെ ജീവനക്കാരനുമായ ചേരിങ്ങൽ ഷാഹുൽ ഹമീദിനു (30) നേരെയാണ് തെരുവു നായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടുത്തത്. കൈയിലെ ബാഗ് വീശി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ വീണ്ടും എത്തുന്നതിനിടെ സമീപവാസികൾ വടികളുമായി എത്തി നായ് കൂട്ടത്തെ അടിച്ചോടിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്. അതേസമയം, പൊന്നാനി ഈശ്വരമംഗലം സ്വദേശി വി.വി. അബൂബക്കറിന്റെ ഗർഭിണിയായ പശുവിനെ തെരുവ് നായ് കടിച്ചതിനെത്തുടർന്ന് പശു പേ വിഷ ബാധയേറ്റ് ചത്തു.
പശു അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് മൃഗാശുപത്രിയിൽ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പൊന്നാനി കർമ റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്കൂൾ അധ്യാപികക്ക് നേരെ തെരുവ് നായുടെ ആക്രമണമുണ്ടായി. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അധ്യാപികക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.
നഗരസഭയിലെ വിവിധ ഇടങ്ങളിൽ രാപകൽ വ്യത്യാസമില്ലാതെ കൂട്ടമായി എത്തുന്ന തെരുവുനായ്ക്കൾ ആക്രമണം അഴിച്ചുവിടുന്നത് ജീവന് ഭീഷണിയായിരിക്കുകയാണ്. പുലർച്ചെ ആരാധനാലയങ്ങളിലേക്കും മദ്റസകളിലേക്കും പോകുന്ന കുട്ടികൾക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം പതിവാണ്.
പേ ബാധിച്ച നായ്ക്കളുൾപ്പെടെ വിലസുമ്പോഴും നഗരസഭ അധികൃതർ മൗനത്തിലാണ്. തെരുവുനായ്ക്കളുടെ ആക്രമണവും പെറ്റു പെരുകുന്ന നായ്ക്കളുടെ എണ്ണവും കണക്കിലെടുത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പൊന്നാനിയിൽ നടത്തിയ ഓപറേഷൻ സീറോ റാബിസ് പദ്ധതിയും താളം തെറ്റിയ നിലയിലാണ്.
ഒന്നര ആഴ്ചയോളം വന്ധീകരണ പ്രവർത്തനങ്ങൾ നടക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നാല് ദിവസം മാത്രമാണ് കുത്തിവെപ്പ് പ്രവർത്തനങ്ങൾ നടന്നത്. പിന്നീട് സംഘം തിരികെ മടങ്ങിയതിനാൽ കുത്തിവെപ്പും നിലച്ചു. പൊന്നാനി നഗരസഭ പേവിഷ വിമുക്ത നഗരം എന്ന ലക്ഷ്യമിട്ടാണ് തെരുവുനായ്ക്കൾക്ക് ഊർജിത പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞ പരിപാടി പുനരാരംഭിച്ചത്. പേ വിഷ ബാധ തടയാൻ ആന്റി റാബീസ് വാക്സിനേഷൻ, തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണത്തിനായി നായക്കളെ പിടിച്ച് വന്ധ്യംകരണം നടത്തുന്നതിനുള്ള എ.ബി. സി പ്രോഗ്രാം എന്നിവ നടപ്പാക്കാനാണ് തീരുമാനിച്ചത്.
പാതിവഴിയിൽ നിലച്ച് വാക്സിനേഷൻ പദ്ധതി
പൊന്നാനി: നഗരസഭയിൽ പേവിഷ ബാധയ്ക്കെതിരെയുള്ള വാക്സിനേഷൻ പദ്ധതി ഉൾപ്പെടെ നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും കോടതി ഉത്തരവിനെത്തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒറ്റത്തവണ മാത്രമാണ് എ.ബി.സി പദ്ധതി പൊന്നാനിയിൽ നടന്നത്.
ഇതിൽ 200 ഓളം തെരുവ് നായ്ക്കളെ മാത്രം വന്ധീകരിച്ച് പദ്ധതി നിർത്തുകയും ചെയ്തു. പ്രതിരോധ കുത്തിവെപ്പെടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിന് മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി രാജ്യത്ത് ആദ്യമായി പൊന്നാനി നടപ്പാക്കിയിരുന്നു. എന്നാൽ ഇതിന് തുടർച്ച ഇല്ലാതിരുന്നതോടെ തെരുവുനായ്ക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പൊതുജനം.


