പേപ്പറുകളിൽനിന്ന് ഇനി ചെടികൾ മുളപൊട്ടും; കണ്ടെത്തലുമായി പൊന്നാനി എം.ഇ.എസ് കോളജ് വിദ്യാർഥികൾ
text_fieldsവിത്ത് അടങ്ങിയ പേപ്പർ നിർമിക്കുന്ന എം.ഇ.എസ്
പൊന്നാനി കോളജിലെ ബോട്ടണി വിഭാഗം വിദ്യാർഥികൾ
പൊന്നാനി: ‘കുള വാഴ ഏറിയാൽ കുളം നശിച്ചു’ എന്നത് നാട്ടിൻ പുറങ്ങളിലെ ഒരു പ്രയോഗമാണ്. എന്നാൽ ഈ കുളവാഴ ഉപയോഗിച്ച് പേപ്പർ നിർമിക്കാമെന്നും അത്തരം പേപ്പറുകളിൽ നിന്ന് ചെറിയ ചെടികൾ മുളപ്പിച്ചെടുക്കാമെന്നും കണ്ടെത്തിയിരിക്കുകയാണ് എം.ഇ.എസ് പൊന്നാനി കോളജിലെ ഒരു കൂട്ടം വിദ്യാർഥികൾ.
അധിനിവേശ സസ്യമായ കുള വാഴ നമ്മുടെ തണ്ണീർ തടങ്ങളിൽ തിങ്ങി വളരുന്നത് ഓക്സിജൻ ലഭ്യത കുറയാനും ജല ജീവികൾ നശിക്കാനും കാരണമാകാറുണ്ട്. കുളവാഴ ഉപയോഗിച്ച് പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമിക്കുകയെന്നതാണ് ഇവയുടെ ശല്യം നിയന്ത്രിക്കാനുള്ള മികച്ച പോംവഴി. സാധാരണ പേപ്പർ നിർമാണ രീതി വന നശീകരണത്തിന് കാരണമാകുന്നതിനാൽ കുളവാഴ പോലുള്ള കള സസ്യങ്ങൾ ഇതിനായി ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ഗുണകരവുമാണ്.
സെല്ലുലോസ് കൂടുതൽ അടങ്ങിയ കുള വാഴയുടെ തണ്ടിൽ നിന്നും ഉണ്ടാക്കിയെടുത്ത പൾപ്പിൽ നിന്നാണ് വിദ്യാർഥികൾ പേപ്പർ നിർമിച്ചത്. പേപ്പർ നിർമാണ സമയത്ത് വിത്തുകൾ ഉൾപ്പെടുത്താനും അത് വിജയകരമായി മുളപ്പിച്ചെടുക്കാനും വിദ്യാർഥികൾക്ക് സാധിച്ചു. ബോട്ടണി വിഭാഗം അധ്യാപകൻ ഡോ. മുസ്ഫിർ മെഹബൂബിന്റെ മേൽനോട്ടത്തിൽ അവസാന വർഷ വിദ്യാർഥികളായ ജിഷ്ണു, അനഘ, അർഷാ, ശബാന, റിഫ എന്നിവരാണ് ഇത്തരം ഒരു പേപ്പർ വികസിപ്പിച്ചെടുത്തത്. പദ്ധതി വ്യാവസായികാടിസ്ഥാനത്തിൽ വികസിപ്പിക്കാനാവുമോ എന്ന പരീക്ഷണത്തിലാണ് ബോട്ടണി വിഭാഗം.