പൊന്നാനി ഫിഷർമെൻ കോളനിക്ക് ശാപമോക്ഷമില്ല; മത്സ്യഗ്രാമം പദ്ധതി വൈകും
text_fieldsകാടുമൂടി ഉപയോഗശൂന്യമായി മാറിയ പൊന്നാനിയിലെ ഫിഷർമെൻ കോളനി
പൊന്നാനി: പൊന്നാനിയിലെ ഭവന രഹിതരും, കടലാക്രമണ ബാധിതരുമായ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ തട്ടിക്കൂട്ടി നിർമിച്ച ഫിഷർമെൻ കോളനിയുടെ ദുരവസ്ഥക്ക് ഉടൻ പരിഹാരമാവില്ല. മത്സ്യഗ്രാമം പദ്ധതിക്കായി പ്രദേശം ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ ജനസമ്പർക്ക സംരക്ഷണ സമിതി പുനഃപരിശോധന ഹർജി നൽകി.
ഇവിടെ 18 വർഷം മുമ്പ് ഐ.എച്ച്.എസ്.ഡി.പി പദ്ധതിയിൽ കോടികൾ ചെലവഴിച്ച് ഉണ്ടാക്കിയ കെട്ടിടങ്ങൾ ആൾപാർപ്പില്ലാതെ നശിക്കുകയാണ്. അതിനിടെയാണ് ആശ്വാസമായി കോടതി വിധി കഴിഞ്ഞ ഡിസംബറിൽ എത്തിയത്. മത്സ്യഗ്രാമം ഉൾപ്പെടെ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുതകുന്ന പദ്ധതികൾ പ്രദേശത്ത് നടപ്പാക്കാമെന്നായിരുന്നു കോടതി ഉത്തരവ്. മറ്റു കാര്യങ്ങൾക്കായി സ്ഥലം ഉപയോഗിക്കരുതെന്നും നിബന്ധനയുണ്ട്. ഹൈകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി വനന സാഹചര്യത്തിൽ ഇതിനകം കാടുമൂടി പ്രേതാലയ മട്ടിൽ കിടക്കുന്ന തകർന്ന വീടുകൾ തൽസ്ഥിതിയിൽ തുടരും.
ഫിഷറീസ് വകുപ്പിന് അധീനതയിലുള്ള അഞ്ച് ഏക്കർ സ്ഥലത്ത് 120 വീടുകളാണ് നിർമ്മിച്ചത്. വേണ്ട സൗകര്യങ്ങളില്ലാത്തിനാൽ ഇതിൽ താമസിക്കാൻ ആരും തയാറാവാതിരുന്നതിനാൽ നിലവിൽ ആൾപാർപ്പില്ലാതെ മഴയും, വെയിലുമേറ്റ് തകർന്നടിഞ്ഞ നിലയിലാണ്. കേന്ദ്ര സർക്കാറിന്റെ ഐ.എച്ച്.എസ്.ഡി.പി പദ്ധതിയിൽ കോടികൾ ചെലവിട്ടാണ് ഫിഷർമെൻ കോളനി നിർമിച്ചത്. മാറി മാറി വരുന്ന സർക്കാറുകൾ ഫിഷർമെൻ കോളനി പുനരുദ്ധരിക്കുമെന്ന് പ്രഖ്യാപിക്കുമെങ്കിലും എല്ലാം പാഴ്വാക്കായി മാറുകയാണ് പതിവ്.
7.241 കോടി രൂപയുടേതാണ് മത്സ്യഗ്രാമം പദ്ധതി. കുട്ടികളുടെ കളിസ്ഥലം, വയോധികർക്കായി പാർക്ക്, വിശ്രമ സൗകര്യം, ഓഡിറ്റോറിയം പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന വീടുകൾ, മത്സ്യതീറ്റ നിർമാണ ശാല, മത്സ്യതൊഴിലാളി വനിതകൾക്കും കുട്ടികളുടെയും സമഗ്ര വികസനത്തിനായുള്ള കേന്ദ്രം, ലൈബ്രറി എന്നിവ, കോൾഡ് സ്റ്റോറേജ് സൗകര്യം, സീഫുഡ് കഫ്റ്റീരിയ, ഫിഷ് പ്രൊഡക്ട്റ്റ്സ് ഔട്ട് ലെറ്റ് എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.