പൊന്നാനി നഗരസഭ ബജറ്റ്; ടൂറിസം വികസനത്തിനും ലഹരി വിമുക്ത നഗരത്തിനും മുഖ്യ പരിഗണന
text_fieldsപൊന്നാനി: ടൂറിസം മേഖലയിൽ നൂതന പദ്ധതികൾക്കും ലഹരി വിമുക്ത നഗരത്തിനും സാന്ത്വന പരിപാലനത്തിനും സമഗ്ര വികസനത്തിനും ഊന്നൽ നൽകിയുള്ള പൊന്നാനി നഗരസഭയുടെ 2025-26 വാർഷിക ബജറ്റിന് ഭരണ സമിതി ഐകകണ്ഠേന അംഗീകാരം നൽകി. ലഹരി വിമുക്ത പൊന്നാനി സാധ്യമാക്കാൻ എല്ലാ വിഭാഗത്തിലുമുള്ള ആബാലവൃദ്ധം ജനങ്ങളുടെയും പങ്കാളിത്തത്തോടെ അതിതീവ്ര കർമപദ്ധതിക്കാണ് മുൻഗണന നൽകുന്നത്.
വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് രണ്ടു മാസത്തിലൊരിക്കൽ മെഡിക്കൽ പരിശോധനയും രക്ത പരിശോധനയും ഉറപ്പു വരുത്തുന്ന ക്യാമ്പുകൾ സംഘടിപ്പിക്കും. ഉപയോഗിക്കുന്നവരെ കണ്ടെത്തുന്ന മുറക്ക് കൗൺസിലിങ്, ചികിത്സ എന്നിവക്കായി ഡീഅഡിക്ഷൻ കേന്ദ്രം ആരംഭിക്കാൻ 50 ലക്ഷം രൂപ ഫണ്ട് വകയിരുത്തി.
അനുദിനം മാറുന്ന പൊന്നാനിയുടെ ടൂറിസം വികസന സാധ്യതകൾ വികസിപ്പിക്കാനും പൊന്നാനിയെ ടൂറിസം ഹബ്ബാക്കുന്നതിനുമുള്ള പദ്ധതി ബജറ്റിലുണ്ട്. പുളിക്കക്കടവിൽ അഡ്വഞ്ചർ ടൂറിസം, നിളയോര ടൂറിസം ബ്രിഡ്ജിന് സമീപം വയോജനങ്ങൾക്കും കുട്ടികൾക്കുമായി ഹാപ്പിനസ് പാർക്ക് എന്നിവ നിർമിക്കും. നഗരസഭ കണ്ടെത്തിയ ഭൂരഹിതരായ മുഴുവൻ അതിദരിദ്രർക്കും ഭൂമി വാങ്ങി വീടുകൾ നിർമിച്ചു നൽകും.
ദേശീയപാത 66ന്റെ നിർമാണത്തെ തുടർന്ന് ഒറ്റപ്പെട്ട് ഗതാഗതത്തിന് പ്രയാസം അനുഭവിക്കുന്ന പുതുപൊന്നാനി, ഉറൂബ് നഗർ, തെയ്യങ്ങാട്, കണ്ടുകുറുമ്പക്കാവ് എന്നിവിടങ്ങളിൽ ഫൂട് ഓവർ ബ്രിഡ്ജുകൾ നിർമിക്കാൻ ഭൂമി ഏറ്റെടുക്കും. പൊന്നാനി ബസ് സ്റ്റാൻഡ് നവീകരണ പ്രവൃത്തി പൂർത്തീകരിക്കുന്നതോടൊപ്പം ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് നിർമിക്കും.
വയോജനങ്ങൾക്കായി മൊബൈൽ ലാബ്, വിനോദയാത്ര, വയോ ക്ലബുകൾ എന്നിവ പ്രാവർത്തികമാക്കും. സാന്ത്വന പരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലിയേറ്റിവ് ഗ്രിഡ് പ്രാവർത്തികമാക്കും. ഓലപ്പുരകളുടെ മേൽക്കൂര നവീകരണം, ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ നൽകൽ, പ്രിവിലേജ് കാർഡ് നൽകൽ, വിനോദ യാത്ര, മത്സ്യ തൊഴിലാളികൾക്ക് ഐസ് ബോക്സ്, കച്ചവടത്തിന് ടൂവീലർ, കന്നുകാലി ഇൻഷുറൻസ്, അഗ്രി ക്ലബുകൾ, വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ, ചേരി-പുറമ്പോക്ക് നിവാസികളുടെ പുനരധിവാസ പദ്ധതി, പട്ടികജാതി സങ്കേതങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, ‘നാട്ടുപൊലിക’ കാർഷിക-അനുഷ്ഠാന കലാമേള, സാംസ്കാരികോത്സവം, റോഡുകൾ ഗതാഗത യോഗ്യമാക്കൽ, ശുചിത്വ നഗരം, സുന്ദര നഗരം മാലിന്യനിർമാർജന പരിപാടികൾ, ജലാശയങ്ങളുടെ നവീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങി പദ്ധതികളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ബജറ്റ് സമ്മേളനത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ ബജറ്റ് അവതരിപ്പിച്ചു. കൗൺസിലർമാരായ വി.പി. സുരേഷ്, ഷബ്ന ആസ്മി, റീന പ്രകാശൻ, അബ്ദുൽ റഷീദ്, ഷാഫി, അനുപമ മുരളീധരൻ, ഇക്ബാൽ, അയിഷ അബ്ദു, സുധ അശോകൻ, ഫർഹാൻ, അബ്ദുൽ ലത്തീഫ്, ഷഹ്ല നിസാർ, അബ്ദുൽ സലാം, സ്ഥിരം സമിതി ചെയർമാൻമാരായ ടി. മുഹമ്മദ് ബഷീർ, ഒ.ഒ. ഷംസു, അജീന ജബ്ബാർ, രജീഷ് ഊപ്പാല, ഷീന സുദേശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.