വൈദ്യുതി നിലച്ചാൽ പ്രവർത്തന രഹിതമായി പൊന്നാനി സബ് രജിസ്ട്രാർ ഓഫിസ്
text_fieldsപൊന്നാനി സബ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ കാത്തിരിക്കുന്നവർ
പൊന്നാനി: മലപ്പുറം ജില്ലയിൽ തന്നെ ധാരാളം രജിസ്റ്റർ നടക്കുന്ന പൊന്നാനി സബ് രജിസ്ട്രാർ ഓഫിസിൽ വൈദ്യുതി നിലച്ചാൽ പ്രവർത്തനങ്ങൾ താളം തെറ്റുന്നു.
വൈദ്യുതി ബന്ധം മുടങ്ങിയാൽ പകരം സംവിധാനം ഇല്ലാത്തതിനാലാണ് ഓഫിസ് പ്രവർത്തനം തകിടം മറിയുന്നത്.
തിങ്കളാഴ്ച രാവിലെ വൈദ്യുതി നിലച്ചതോടെ ഓഫിസിലെത്തിയ നൂറുകണക്കിനാളുകൾ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നു. ഇടക്കിടെ വൈദ്യുതി മുടങ്ങിയതിനാൽ രജിസ്ട്രേഷൻ നടപടികളും നടന്നില്ല. വൈദ്യുതി നിലക്കുമ്പോൾ ജനറേറ്റർ പ്രവർത്തിക്കാത്തതാണ് പ്രയാസമാവുന്നത്. ഇതിനാൽ കമ്പ്യൂട്ടർ പ്രവർത്തന രഹിതമാകുന്നതും പതിവാണ്. ഇക്കാരണങ്ങൾ മൂലം രജിസ്ട്രേഷന് എത്തുന്നവർ വൈദ്യുതി വരുന്നതുവരെ കാത്തിരിക്കേണ്ട ഗതികേടാണ്.
പൊന്നാനി രജിസ്ട്രാർ ഓഫിസ് താലൂക്ക് ഓഫിസിലെ മൂന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. സിവിൽ സ്റ്റേഷന് താഴെ തന്നെ അധികം ആളുകൾ പ്രയോജനപ്പെടുത്താത്ത ഓഫിസുകൾ പ്രവർത്തിക്കുന്നുമുണ്ട്.
അത്തരം ഓഫിസുകൾ മുകൾ നിലയിലേക്ക് മാറ്റി ധാരാളം ആളുകൾ ദിവസവും ആശ്രയിക്കുന്ന രജിസ്ട്രാർ, സപ്ലൈ ഓഫിസുകൾ താഴെ നിലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുമെന്നും വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി ആവശ്യപ്പെട്ടു.