ടൂറിസം ഭൂപടത്തിൽ ഇടം നേടാൻ പൊന്നാനി
text_fieldsപൊന്നാനി: ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി പൊന്നാനി. പൊന്നാനി പുളിക്കക്കടവിലെ ടൂറിസം ഡസ്റ്റിനേഷൻ ഉദ്ഘാടനം അടുത്ത മാസം. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ടൂറിസം ഡസ്റ്റിനേഷൻ നാടിന് സമർപ്പിക്കും. ആകാശ കാഴ്ചകളും റൈഡുകളും ഉൾപ്പെടെ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നിരവധി വിനോദോപാധികളാണ് ഇവിടെ ഒരുങ്ങുന്നത്.
റൈഡുകൾ സ്‌ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ മികച്ച ടൂറിസം പദ്ധതിയാണ് പുളിക്കക്കടവിൽ നടപ്പാക്കുന്നത്. കായലിന് മുകളിലൂടെ പൊന്നാനി തീരത്തുനിന്ന് കാഞ്ഞിരമുക്ക് തീരത്തേക്ക് സിപ് ലൈൻ, സിപ് സൈക്ക്ലിങ്, ബർമ നെറ്റ്, ഹൈ റോപ് റൈഡ്, ലൊ റോപ് റൈഡ്, ക്ലൈബിങ് വാൾ, കമാൻഡോ നെറ്റ്, കിഡ്‌സ് പാർക്ക്, ബോട്ടിങ്, കയാക്കിങ് തുടങ്ങി അത്യാകർഷകമായ വിവിധ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.
നിർമാണം അവസാന ഘട്ടത്തിലേക്ക് നീങ്ങിയെന്നും അടുത്തമാസത്തോടെ പ്രവർത്തന സജ്ജമാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഡി.ടി.പി.സിയുടെ കൈവശത്തിലായിരുന്ന കായൽ ടൂറിസം പ്രദേശം പൊന്നാനി നഗരസഭ ഏറ്റെടുത്തതിനു ശേഷമാണ് അപ്രതീക്ഷിതമായ മുന്നേറ്റമുണ്ടായിരിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന മേഖലയായി ഈ ഭാഗം മാറുമെന്നാണ് വിലയിരുത്തൽ.


