പൊന്നാനി ബിയ്യം പുളിക്കകടവിലെ പുറമ്പോക്ക് ഭൂമിക്ക് റവന്യൂ വകുപ്പിന്റെ പൂട്ട്
text_fieldsപൊന്നാനി ബിയ്യം പുളിക്കകടവ് പദ്ധതി പ്രദേശം
പൊന്നാനി: ടൂറിസം സാധ്യതകൾ ഏറെയുള്ള ബിയ്യം പുളിക്കകടവ് ടൂറിസം പദ്ധതി പ്രദേശത്തിന്റെ നഗരസഭയുടെ ഉടമസ്ഥാവകാശത്തിന് റവന്യൂ വകുപ്പിന്റെ പൂട്ട്. ടൂറിസം വകുപ്പ് നഗരസഭക്ക് വിട്ടുനൽകിയ മൂന്ന് ഏക്കറോളം വരുന്ന പുഴ പുറമ്പോക്ക് ഭൂമി നഗരസഭയുടെതല്ലെന്നാണ് റവന്യൂ വകുപ്പ് ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ട്.
നഗരസഭയുടെ പേരിൽ ഇവിടെ ഭൂമിയില്ലെന്നും സ്വകാര്യ ഭൂമി മാത്രമാണ് ഉള്ളതെന്നുമാണ് താലൂക്ക് റവന്യൂ വിഭാഗം നൽകിയ റിപ്പോർട്ടിലുള്ളത്. പദ്ധതി പ്രദേശത്തെ സ്കെച്ച് വരച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ താലൂക്ക് സർവേയറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നഗരസഭയുടെ അധീനതയിൽ ഈ ഭാഗത്ത് ഭൂമിയില്ലെന്നും സ്വകാര്യ ഭൂമികൾ മാത്രമാണ് ഉള്ളതെന്നും പറഞ്ഞ് റവന്യൂ വിഭാഗം കലക്ടർക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.
നഗരസഭക്ക് വിട്ടുകിട്ടിയ ഭൂമിയിൽ കൈയേറ്റം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു സർവേ നടത്താൻ ആവശ്യപ്പെട്ടത്. റവന്യൂ വകുപ്പിന്റെ നിസ്സഹകരണം തുടർന്നാൽ സ്വകാര്യ സർവേ നടത്താനാണ് നഗരസഭയുടെ തീരുമാനം. അതേസമയം, പ്രദേശത്തെ ടൂറിസം പദ്ധതി പ്രവർത്തനങ്ങൾക്ക് ഇത് തടസ്സമാവില്ല. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലായിരുന്ന സ്ഥലമാണ് നഗരസഭക്ക് മാസങ്ങൾക്ക് മുമ്പ് വിട്ടുനൽകിയത്.
പുളിക്കകടവ് പ്രദേശത്ത് അമ്യൂസ്മെൻറ് പാർക്ക്, വാട്ടർ തീം പാർക്ക്, വാട്ടർ സ്പോർട്സ്, സ്വിമ്മിങ് പൂൾ, പവലിയൻ നവീകരണം ഉൾപ്പെടെയുള്ളവയും ഒരുക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്