സംസ്ഥാനത്താദ്യമായി ദേശീയപാതയിൽ റോഡ് സുരക്ഷ പരിശോധന പൊന്നാനിയിൽ
text_fieldsദേശീയപാതയിൽ റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തുന്നതിന് മുന്നോടിയായി നടന്ന യോഗം
പൊന്നാനി: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ സംസ്ഥാനത്ത് ആദ്യമായി റോഡ് സുരക്ഷ പരിശോധന പൊന്നാനിയിൽ നടത്തും. കാപ്പിരിക്കാട് മുതൽ കുറ്റിപ്പുറം വരെ പണി പൂർത്തിയായ ദേശീയപാത 66ൽ വർധിക്കുന്ന അപകടങ്ങൾക്ക് പരിഹാരം കാണാനായാണ് പി. നന്ദകുമാർ എം.എൽ.എയുടെ നിർദേശത്തെ തുടർന്ന് ദേശീയപാതയിൽ റോഡ് സേഫ്റ്റി ഓഡിറ്റ് നടത്താൻ തിരുമാനിച്ചത്.
ചന്തപ്പടി പി.ഡബ്ല്യു.ഡി ഗസ്റ്റ്ഹൗസിൽ എം.എൽ.എ വിളിച്ചു ചേർത്ത വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനമായത്. സെപ്റ്റംബർ ആദ്യവാരം മോട്ടോർ വാഹന വകുപ്പ്, തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ്, റവന്യൂ, പി.ഡബ്ലു.ഡി റോഡ്സ് എൻജിനീയറിങ് വിഭാഗം, നാറ്റ് പാക്ക്, ദേശീയപാത അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി ജില്ല കലക്ടർ, ദേശീയപാത പ്രോജക്ട് ഡയറക്ടർ എന്നിവർക്ക് തുടർ നടപടികൾക്കായി റിപ്പോർട്ട് കൈമാറും.
സർവിസ് റോഡിൽനിന്ന് ദേശീയപാതയിലൂടെ കടന്നുപോകുന്ന വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർക്കുള്ള പ്രയാസങ്ങൾ പരിഹരിക്കുക, സ്കൂളുകൾ ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് ഫൂട്ട് ഓവർ ബ്രിഡ്ജിനുള്ള സാധ്യതകൾ പരിശോധിക്കുക, സ്പീഡ്, എൻട്രി-എക്സിറ്റ് ക്രമീകരണം എന്നിവയാണ് അപകടങ്ങൾ കുറക്കാനുള്ള പരിഹാര മാർഗങ്ങളെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം കൂടുതൽ സാധ്യതകൾ വ്യക്തമാകും.