തെരുവുനായ് ശല്യം; വാക്സിനേഷൻ പുനരാരംഭിക്കാനൊരുങ്ങി പൊന്നാനി നഗരസഭ
text_fieldsപ്രതീകാത്മക ചിത്രം
പൊന്നാനി: അക്രമകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും പേ വിഷ വിമുക്തമാക്കുന്നതിനും വേണ്ടിയുള്ള കുത്തിവെപ്പ് പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാനൊരുങ്ങി പൊന്നാനി നഗരസഭ. തെരുവുനായ് അക്രമം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. പൊന്നാനി നഗരസഭയും മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് തെരുവുനായ്ക്കളിൽ പേ വിഷബാധ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സമഗ്ര ആന്റി റാബീസ് വാക്സിനേഷൻ പ്രോഗ്രാം നടപ്പാക്കുക.
പദ്ധതി പ്രകാരം നഗരസഭ പ്രദേശത്തുള്ള മുഴുവൻ തെരുവുനായ്ക്കളെയും പേവിഷ വിമുക്തമാക്കുന്നതിനുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുകയാണ് ലക്ഷ്യം. തെരുവുനായ് ശല്യം കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ക്യാമ്പ് ചെയ്താകും കുത്തിവെപ്പ് നടത്തുക. പത്ത് ദിവസത്തോളം കുത്തിവെപ്പ് പ്രവർത്തനങ്ങളുണ്ടാകുമെന്ന് പൊന്നാനി നഗരസഭ ചെയർപേഴ്സൺ ശിവദാസ് ആറ്റുപുറം പറഞ്ഞു. ആദ്യഘട്ടത്തിൽ ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമാണ് കുത്തിവെപ്പ് നടന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ് അക്രമണം പതിവായതിനാൽ അടിയന്തിര വാക്സിനേഷൻ നടത്താൻ നഗരസഭ തീരുമാനിക്കുകയായിരുന്നു


