തെരുവുനായ്ക്കൾ പെരുകുന്നു; മുഖം തിരിച്ച് പൊന്നാനിയിലെ വെറ്ററിനറി വിഭാഗം
text_fieldsപൊന്നാനി: നഗരസഭ പരിധിയിൽ തെരുവുനായ ആക്രമണം പതിവാകുമ്പോഴും ആനിമൽ ബർത്ത് കൺട്രോൾ പദ്ധതിയോട് മുഖം തിരിച്ച് നഗരസഭയിലെ വെറ്റിനറി വിഭാഗം. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ വെറ്ററിനറി വി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വന്ധീകരണ പ്രവൃത്തികൾ നടത്താമെന്ന ഉത്തരവ് പ്രകാരം നഗരസഭയിൽ എ.ബി.സി പദ്ധതി പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.
നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് വെറ്ററിനറി ഡോക്ടർമാർ, ഡോഗ് ക്യാച്ചർമാർ, അനുബന്ധ ജീവനക്കാർ, മൊബൈൽ ലാബ് എന്നിവയുടെ സേവനം ലഭ്യമാക്കുമെന്നും ആവശ്യമായ അധിക ജീവനക്കാരെ നഗരസഭ തന്നെ ഏർപ്പാടാക്കുമെന്നും തീരുമാനിച്ചിരുന്നു. സീനിയർ വെറ്റിനറി സർജന്റെ മേൽനോട്ടത്തിൽ എ.ബി.സി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും, വെറ്ററിനറി വിഭാഗത്തിന്റെ സഹകരണം ഇല്ലാതിരുന്നതാണ് പദ്ധതി പാളാനിടയായത്.
തെരുവുനായ്ക്കൾ പെറ്റുപെരുകി തെരുവുകളിൽ വിഹരിക്കുന്ന അവസ്ഥയാണ് നിലവിൽ. രാപ്പകൽ വ്യത്യാസമില്ലാതെ കൂട്ടമായി എത്തുന്ന തെരുവുനായ്ക്കൾ അക്രമം അഴിച്ചുവിടുന്നത് ജീവന് ഭീഷണിയായി മാറിയ സ്ഥിതിയാണ്. പുലർച്ചെ ആരാധനാലയങ്ങളിലേക്കും, മദ്റസകളിലേക്കും പോകുന്ന കുട്ടികൾക്ക് നേരെ തെരുവുനായ്ക്കളുടെ അക്രമവും പതിവാണ്.
തെരുവുനായ ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ പേവിഷ ബാധക്കെതിരെയുള്ള വാക്സിനേഷൻ പദ്ധതി ഉൾപ്പെടെ നേരത്തേ നടപ്പാക്കിയിരുന്നെങ്കിലും കോടതി ഉത്തരവിനെത്തുടർന്ന് ഇതും പാതി വഴിയിൽ ഉപേക്ഷിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒറ്റത്തവണ മാത്രമാണ് എ.ബി.സി പദ്ധതി പൊന്നാനിയിൽ നടന്നത്. ഇതിൽ 200 ഓളം തെരുവുനായ്ക്കളെ മാത്രം വന്ധീകരിച്ച് പദ്ധതി നിർത്തുകയും ചെയ്തു.
പ്രതിരോധ കുത്തിവെപ്പ് എടുത്ത നായ്ക്കളെ തിരിച്ചറിയുന്നതിന് മൈക്രോചിപ് ഘടിപ്പിക്കുന്ന പദ്ധതി രാജ്യത്ത് ആദ്യമായി പൊന്നാനി നടപ്പാക്കിയിരുന്നു. എന്നാൽ ഇതിന് തുടർച്ച ഇല്ലാതിരുന്നതോടെ തെരുവുനായ്ക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പൊതുജനം.
എ.ബി.സി പദ്ധതി നടപ്പാക്കും -നഗരസഭ ചെയർപേഴ്സൻ
പൊന്നാനി: പൊന്നാനിയിൽ തെരുവു നായ്ക്കളുടെ ശല്യവും, വർധനവും കണക്കിലെടുത്ത് ആനിമൽ ബർത്ത് കൺട്രോൾ പദ്ധതി പുനരാരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
എ.ബി.സി പ്രോഗ്രാം, ആന്റി റാബീസ് വാക്സിനേഷൻ എന്നിവ നടപ്പാക്കുന്നതിന് ബന്ധപ്പെട്ട വെറ്ററിനറി സർജൻമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട്, പൊലീസ് എന്നിവരുടെ യോഗം ഈ മാസം 31 ന് വിളിച്ചു ചേർക്കുമെന്നും നഗരസഭ ചെയർ പേഴ്സൻ പറഞ്ഞു.