ഉപജില്ല കായികമേള നടത്തിപ്പിൽ വിയർത്ത് അധ്യാപകർ
text_fieldsപൊന്നാനി: ഒക്ടോബർ 21ന് ജില്ല സ്കൂൾ കായികമേള ആരംഭിക്കാനിരിക്കെ ഉപജില്ല മേളകൾ പൂർത്തീകരിക്കാനുള്ള നെട്ടോട്ടത്തിലാണ് അധ്യാപകർ. ജില്ലയിലെ 17 ഉപജില്ലകളിൽ കായികമേള നടക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ മഴ മൂലം പലയിടത്തും മത്സരങ്ങൾ മുടങ്ങി. നിലവിൽ തിരൂർ, മങ്കട ഉപജില്ലകളിൽ മാത്രമാണ് മേള പൂർത്തിയായത്. മഴ പെയ്തതോടെ ഗ്രൗണ്ടുകളിൽ വെള്ളക്കെട്ടായതിനാൽ പകരം സ്ഥലം കണ്ടെത്താനുള്ള ഓട്ടപ്പാച്ചിലിലാണ് അധ്യാപകർ. വിരലിലെണ്ണാവുന്ന ഉപജില്ലകളിൽ മാത്രമാണ് സിന്തറ്റിക് ട്രാക്ക് ഉള്ളത്.
മറ്റിടങ്ങളിലെല്ലാം പരുക്കൻ ഗ്രൗണ്ടിൽ മേള നടത്തുന്നതിനിടെ മഴ പെയ്യുന്നത് അപകടങ്ങൾക്കും ഇടയാക്കും. പലയിടത്തും ജില്ല തലത്തിൽ പങ്കെടുക്കേണ്ട സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങൾക്ക് മാത്രമായി മത്സരം നടത്താനാണ് സംഘാടകരുടെ തീരുമാനം. എൽ.പി, യു.പി വിഭാഗങ്ങളിലെ കിഡ്ഡീസ്, എൽ.പി മിനി കിഡ്ഢീസ് എന്നിവ പിന്നീട് നടത്താനാണ് ശ്രമം. അതേസമയം, ഇത്തരം മാറ്റങ്ങൾ വരുത്തുമ്പോൾ വലിയ സാമ്പത്തിക ബാധ്യതയും സംഘാടകർക്കുണ്ട്. കായികമേള നടത്തിപ്പിന് നാമമാത്ര തുകയാണ് സർക്കാർ നൽകുന്നത്. ബാക്കി തുക അധ്യാപക സംഘടനകളും മറ്റും ചേർന്നാണ് സമാഹരിക്കുന്നത്.