മാനവും മനവും തെളിയാതെ തീരത്തുള്ളവർ പെരുന്നാൾ ആഘോഷിക്കും
text_fieldsകടലാക്രമണത്തിൽ തകർന്ന പൊന്നാനിയിലെ വീട്
പൊന്നാനി: ദുരിതം പെയ്തിറങ്ങിയ ദിനരാത്രങ്ങൾക്കൊടുവിൽ എത്തിച്ചേർന്ന പെരുന്നാൾ ദിനത്തിലും കടലോര വാസികളുടെ മനം നിറയില്ല. ഇനിയും പെയ്തൊഴിയാത്ത കാർമേഘങ്ങൾ പോലെ ജീവിതത്തിന് മേൽ കരിനിഴലായുള്ള കടലിന്‍റെ കലിയും കണ്ടാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിറം മങ്ങിയ ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
ട്രോളിങ് നിരോധനംമൂലം പട്ടിണിയിലായ കുടുംബങ്ങൾ കടം വാങ്ങിയും പെരുന്നാൾ കൊണ്ടാടാമെന്ന മോഹങ്ങളാണ് ഒരാഴ്ച മുമ്പ് ആരംഭിച്ച കടലാക്രമണം തച്ചുടച്ചത്. സ്വന്തമായുള്ള കൂരയും സ്ഥലവും കടൽ കവർന്നെടുക്കുമ്പോൾ നിസ്സഹായരായാണ് ഇവർ കഴിയുന്നത്. കുടിവെള്ളം പോലും മലിനമായ സാഹചര്യത്തിൽ ഇത്തവണ കടലോരത്തെ നൂറുകണക്കിന് അടുക്കളകളിൽ പെരുന്നാൾ ദിനത്തിലും തീ പുകയില്ല.
ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചെങ്കിലും ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ് കുടുംബങ്ങൾ. അധികൃതരുടെ വാഗ്ദാനപ്പെരുമഴ മാത്രം കേട്ടു ശീലിച്ച കടലിന്‍റെ മക്കൾക്ക് ഇനിയുള്ള ജീവിതം ചോദ്യചിഹ്നമായി. പരസ്പരം പങ്കുവെച്ചും, ദുഃഖങ്ങൾ ഉള്ളിലൊതുക്കിയുമാണ് ഇവർ ബന്ധുവീടുകളിൽ പെരുന്നാൾ കൊണ്ടാടുന്നത്.