Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightവറുതിയുടെ...

വറുതിയുടെ കാർമേഘങ്ങൾക്കിടയിൽ ഇനി പഞ്ഞമാസക്കാലം

text_fields
bookmark_border
വറുതിയുടെ കാർമേഘങ്ങൾക്കിടയിൽ ഇനി പഞ്ഞമാസക്കാലം
cancel
camera_alt

ട്രോ​ളി​ങ് നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്ന് ന​ങ്കൂ​ര​മി​ട്ട ബോ​ട്ടു​ക​ൾ

പൊന്നാനി: മത്സ്യബന്ധന മേഖലയിൽ നിരാശയുടെ കാർമേഘവുമായി ട്രോളിങ് നിരോധനത്തിന് തുടക്കമായി. 51 ദിവസം നീളുന്ന ട്രോളിങ് നിരോധനം കൂടിയാവുമ്പോൾ തീരത്തെ ദുരിതം ഇരട്ടിയാകും. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിച്ച ട്രോളിങ് നിരോധന ഭാഗമായി മത്സ്യബന്ധനത്തിന് പോകുന്ന സംസ്ഥാനത്തെ പതിനായിരത്തോളം ബോട്ടുകളുടെ എൻജിൻ നിലക്കുമ്പോൾ മീൻപിടിത്തം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ ജീവിതം താളംതെറ്റും.

ഒമ്പതിന് അർധരാത്രി മുതലുള്ള 51 ദിവസം മത്സ്യത്തൊഴിലാളികൾക്ക് പട്ടിണിക്കാലമാണ്. ഡീസൽ ചെലവ് പോലും ലഭിക്കാതെയാണ് മിക്ക ബോട്ടുകളും കഴിഞ്ഞദിവസം തിരിച്ചെത്തിയത്. കടൽക്കാറ്റും ശക്തമായതിനാൽ മിക്ക ബോട്ടുകളും വേഗത്തിൽ തീരമണഞ്ഞു. നിരോധനം മൂലം പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ പട്ടിണിയിലമരുമ്പോൾ വിദേശ കപ്പലുകൾ യഥേഷ്ടം മീൻപിടിത്തം തുടരുകയാണ്.

നിരോധന കാലയളവിൽ സംസ്ഥാന അതിർത്തിയായ 12 നോട്ടിക്കൽ മൈൽ വരെ പരമ്പരാഗത വള്ളക്കാർക്ക് മത്സ്യബന്ധനം അനുവദിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമുണ്ടാവില്ല. ട്രോളിങ് നിരോധന സമയത്ത് പട്രോളിങ്ങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി തീരദേശ ജില്ലകളിൽ ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 20 ബോട്ടുകളുണ്ടാവും.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ നിര്‍ദേശങ്ങൾ പാലിക്കണം

ട്രോളിങ് നിരോധനകാലത്ത് കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശങ്ങളുമായി ഫിഷറീസ് വകുപ്പ്. ഫിഷറീസ് വകുപ്പിന്റെ രജിസ്‌ട്രേഷനും മത്സ്യബന്ധന ലൈസന്‍സുമുള്ള യാനങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തണമെന്നും ഒരു ഇന്‍ബോര്‍ഡ് വള്ളത്തില്‍ ഒരു കരിയര്‍ വള്ളം മാത്രമേ ഉപയോഗിക്കാവൂവെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

ട്രോളിങ് നിരോധനം ബാധകമായ യാനങ്ങള്‍ മത്സ്യബന്ധനത്തിലേര്‍പ്പെടരുതെന്നും അനുമതിയുള്ള യാനങ്ങളില്‍ ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍, ഇന്ധനം, കുടിവെള്ളം എന്നിവ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് തനിച്ച് പോകാതെ സംഘമായി പോകണം. അടിയന്തര ഘട്ടത്തില്‍ ബന്ധപ്പെടാവുന്ന ഫോണ്‍നമ്പറുകളും മത്സ്യത്തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകളും ജി.പി.എസ്, വയര്‍ലെസ് തുടങ്ങിയവയും കരുതണമെന്നും നിര്‍ദേശമുണ്ട്. കാലാവസ്ഥ മുന്നറിയിപ്പുകള്‍ ലംഘിച്ച് പോകുന്നവര്‍ക്കെതിരേയും കുഞ്ഞന്‍മീനുകളെ പിടിക്കുന്നവര്‍ക്കെതിരേയും കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള ശിക്ഷാനടപടികളുണ്ടാകും.

Show Full Article
TAGS:Trolling ban costal area fishing boat fishermen 
News Summary - The five-month period is now under the clouds of drought
Next Story