പൊന്നാനി ബിയ്യം കായലിൽ ‘പറക്കും കുതിര’ ജലരാജാവ്
text_fieldsപൊന്നാനി ബിയ്യം കായൽ ജലോത്സവത്തിൽ കാഞ്ഞിരമുക്ക് ‘പറക്കും കുതിര’ ഒന്നാം സ്ഥാനം നേടുന്നു
പൊന്നാനി: ഓള പരപ്പുകൾക്ക് ആവേശമായ മൽസരത്തിനൊടുവിൽ കാഞ്ഞിരമുക്ക് ന്യൂ ടൂറിസ്റ്റ് ആട്സ് ആൻഡ് സപോർട്സ് ക്ലബിന്റെ പറക്കും കുതിര ബിയ്യം കായലിന്റെ രാജാക്കൻമാരായി. പൊന്നാനി ബിയ്യം കായൽ ജലോത്സവത്തിൽ ഇനിയുള്ള ഒരു വർഷം പറക്കും കുതിര കിരീടം അലങ്കരിക്കും. ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കറുകതിരുത്തി മുക്കട്ടക്കലിന്റെ കായൽ കൊമ്പൻ രണ്ടാം സ്ഥാനവും ചൈതന്യ ബിയ്യത്തിന്റെ കെട്ടുകൊമ്പൻ മൂന്നാം സ്ഥാനവും നേടി.
മൈനർ വിഭാഗത്തിൽ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാഞ്ഞിരമുക്കിന്റെ യുവരാജ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫിറ്റ് വെൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുറങ്ങ് പള്ളിപ്പടിയുടെ ജൂനിയർ കായൽ കുതിര രണ്ടാം സ്ഥാനവും നാട്ടു കൂട്ടം മാരാമുറ്റത്തിന്റെ നാട്ടുകൊമ്പൻ മുന്നാം സ്ഥാനവും നേടി.
പാട്ടു വഞ്ചികളും, ഡാൻസ് പ്രോഗ്രാമുകളും കായലിന്റെ സായാഹ്നത്തെ ഉത്സവ ലഹരിയാഴ്ത്തി. പതിനായിരങ്ങളാണ് കായൽ വള്ളംകളി ആസ്വദിക്കാനെത്തിയത്. ർട്ടിംഗ് പോയിന്റ് മുതൽ ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഇരുകരകളിലും മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ ജനങ്ങൾ തടിച്ചുകൂടി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഓരോ മത്സരത്തിലും നടന്നത്.
15 മേജര്‍ വള്ളങ്ങളും 17 മൈനര്‍ വള്ളങ്ങളുമാണ് മത്സരത്തിൽ മാറ്റുരച്ചത്. മത്സരത്തിന്റെ മുന്നോടിയായി ജലഘോഷയാത്രയും നടന്നു. ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടന്ന വളളംകളി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു .പി നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
എ.ഡി.എം എൻ.എം മെഹറലി സ്വാഗതം പറഞ്ഞു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ബീന തഹസിൽദാർ ടി. സുജിത്ത് എന്നിവർ സംസാരിച്ചു. പി.വി അയ്യൂബ് നന്ദി പറഞ്ഞു.