അശാസ്ത്രീയ ദേശീയപാതാ നിർമാണം; ഗതാഗത കുരുക്കിൽ പൊന്നാനി നഗരം
text_fieldsപൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്ക്
പൊന്നാനി: പൊന്നാനിയുടെ ഹൃദയഭാഗമായ ചമ്രവട്ടം ജങ്ഷനിൽ ദിവസങ്ങളായി രൂക്ഷമായ ഗതാഗത കുരുക്ക് തുടരുന്നു. ആംബുലൻസിനുപോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാത അധികൃതരുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് കുരുക്കിന് പ്രധാനകാരണം. ചമ്രവട്ടം ജങ്ഷൻ പള്ളപ്രം മേഖലയിലെ ഒരുഭാഗം പൂർണമായും അടച്ചിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ. കൂടാതെ ചമ്രവട്ടം ജങ്ഷനിലെ തവനൂർ റോഡിൽ തിരിവുള്ള ഭാഗങ്ങളിൽ ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടത് ഗതാഗതകുരുക്കിന് ആക്കം കൂട്ടുന്നു.
പെരുന്നാൾ ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും മണിക്കൂറുകളാണ് വാഹന യാത്രക്കാർക്ക് കാത്തുനിൽക്കേണ്ടി വന്നത്. കടുത്ത പൊടിശല്യവും വലക്കുന്നു. കൺമുന്നിൽ ജനം ദുരിതം അനുഭവിക്കുന്നത് നിത്യസംഭവമായിട്ടും കാഴ്ചക്കാരായി നിൽക്കുകയാണ് ജനപ്രതിനിധികളും ബന്ധപ്പെട്ട അധികാരികളും.